ഇഞ്ചിവിളയിലെ ചെക്ക് പോസ്റ്റ് വഴി ഇന്ന് കേരളത്തിലേക്ക് വന്നത് 191 പേർ. 167 പേരെ ഇതിനോടകം സ്ക്രീനിംഗ് പൂർത്തിയാക്കി പാസ്സുകൾ പരിശോധിച്ച ശേഷം കേരളത്തിലേയ്ക്ക് കടത്തി വിട്ടു. ബാക്കിയുള്ള 24 പേരുടെ പരിശോധന നടക്കുന്നു. ഇന്നലെ 24 പേരാണ് അതിർത്തിയിലൂടെ എത്തിയത് ഇവരെയെല്ലാം കടത്തി വിടുകയും ചെയ്തു. തമിഴ്നാടിൻ്റെ യാത്രാനുമതി പാസ് ഇല്ലാതെ ഇന്ന് രാവിലെ കളിയിക്കാവിളയിലെ തമിഴ്നാട് അതിർത്തിയിൽ കുടുങ്ങിയ മലയാളികളെ യാത്ര തുടരാൻ അനുവദിച്ചു. നോർക്ക പാസുമായി എത്തിയ 40ഓളം മലയാളികളെയാണ് തമിഴ്നാടിൻ്റെ പാസ് ഇല്ലാത്തതിനെ തുടർന്ന് ചെക്ക് പോസ്റ്റിൽ തടഞ്ഞത്.
വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പാറശ്ശാല എം.എൽ.എ സി.കെ. ഹരീന്ദ്രൻ തമിഴ്നാട് കുളച്ചൽ എം.എൽ.എ പ്രിൻസ്, കിള്ളിയൂർ എം.എൽ.എ സുരേഷ് രാജ് എന്നിവർ ചർച്ച നടത്തി. ഇതിൻ്റെ അടിസ്ഥാനത്തിൽ ഇവരെ കേരളത്തിലേക്ക് കടത്തി വിടാൻ കന്യാകുമാരി ജില്ലാ ഭരണകൂടം അനുമതി നൽകി. പത്ത് കാറുകളിലായി വന്ന നാല്പതോളം പേരെയാണ് രജിസ്റ്റർ ബുക്കിൽ പേരും വിവരങ്ങളും പതിച്ച ശേഷം കടത്തിവിട്ടത്. കേരളത്തിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം യാത്ര തുടരാൻ ഇവരെ അനുവദിച്ചു. കാസർഗോഡ് ജില്ലയിൽ ഒഴികെ സംസ്ഥാനത്തെ എല്ലാ ജില്ലയിലുള്ളവരും ഇന്ന് ഇഞ്ചിവിള അതിർത്തി വഴി എത്തിയിരുന്നു.


