കൊച്ചി: സ്വകാര്യ ക്ലിനിക്കില്‍ വന്ന വിദേശ രോഗിയെ സംശയാസ്പദമായ രീതിയില്‍ കണ്ടപ്പോള്‍ ആരോഗ്യവകുപ്പിനെയും പൊലീസിനെയും റിപ്പോര്‍ട്ട് ചെയ്തതിന് തന്നെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടെന്ന് ഡോ. ഷിനു ശ്യാമളന്. ഫേസ്ബുക്കില്‍ ഇക്കാര്യം എഴുതിയതിനും ടി.വിയിലൂടെ വെളിപ്പെടുത്തിയതിനും പിന്നാലെയാണ് തന്നെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടതെന്ന് ഡോക്ടര്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു.
രോഗിയുടെയോ ക്ലിനിക്കിന്റെയോ വിശദാംശം പുറത്തു വിട്ടിട്ടില്ല. മുതലാളി പറയുന്നത് പോലെ മിണ്ടാതെ ഒതുക്കി തീര്‍ക്കുവാന്‍ ഇതില്‍ എന്ത് കള്ളത്തരമാണ് ഉള്ളത്? അയാള്‍ക്ക് കൊറോണ ആണെങ്കില്‍ ക്ലിനിക്കില്‍ രോഗികള്‍ വരുമോ എന്നു തുടങ്ങി മുതലാളിയുടെ കുറെ സ്വാര്‍ഥമായ ചോദ്യങ്ങള്‍. നിങ്ങള്‍ക്ക് ബിസിനസ് മാത്രമാണ് ആരോഗ്യ രംഗം. ക്ഷമിക്കണം. ഇനിയും തെറ്റ് കണ്ടാല്‍ ചൂണ്ടി കാണിക്കും -ഷിനു ഫേസ്ബുക്കില്‍ കുറിച്ചു.
എന്റെ ഡ്യൂട്ടിയാണ് ചെയ്തത്. ഇനിയും ചെയ്യും. അറിയിക്കേണ്ട ഉദ്യോസ്ഥരെ അറിയിച്ചിട്ടും രോഗിയെ ഖത്തറിലേക്ക് വിടാന്‍ അനുവദിച്ചവര്‍ക്ക് കുഴപ്പവുമില്ല. പക്ഷെ എനിക്ക് ജോലി പോയി. ചെയ്ത കാര്യത്തില്‍ തെറ്റുണ്ടെന്ന് കരുതുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.


