ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാരിനെതിരെ അട്ടിമറി നീക്കം. കോണ്‍ഗ്രസിലെ ഉള്‍പ്പെടെ എട്ട് എംഎല്‍എമാരെ ബിജെപി ഗുഡ്ഗാവിലെ റിസോര്‍ട്ടിലേക്ക് മാറ്റിയതായി ആരോപണം. നാല് കോണ്‍ഗ്രസ് എംഎല്‍എമാരെയും സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന നാല് സ്വതന്ത്ര എംഎല്‍എമാരെയുമാണ് മാറ്റിയതായാണ് ആരോപണം. ഹരിയാനയിലെ ഗുഡ്ഗാവിലുള്ള ഐടിസി മറാത്ത ഹോട്ടലിലാണ് ഇവരെ പാര്‍പ്പിച്ചിരിക്കുന്നത്. ഡല്‍ഹിയിലേക്ക് ഇവരെ മാറ്റാനും സാധ്യതയുണ്ട്.
മുന്‍ മന്ത്രിയും എംഎല്‍എയുമായ നരോട്ടം മിശ്രയുടെ നേതൃത്വത്തില്‍ എംഎല്‍എമാരെ ഗുഡ്ഗാവില്‍ തടഞ്ഞുവച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഹോട്ടലില്‍ ബലമായി പാര്‍പ്പിച്ചിരിക്കുകയാണെന്നും പുറത്തു പോകാന്‍ അനുവാദമില്ലെന്നും മുന്‍ മന്ത്രി ബിസാഹുലാല്‍ സിംഗും എംഎല്‍എമാരില്‍ ഒരാളും തങ്ങളെ അറിയിച്ചതായി മധ്യപ്രദേശ് ധനമന്ത്രി തരുണ്‍ ഭാനോട്ട് പറഞ്ഞു. മന്ത്രിമാരായ ജെയ്വര്ദ്ധന് സിംഗും ജീതു പട്വാരിയും എംഎല്‍എമാരെ കാണാന്‍ ശ്രമിച്ചെങ്കിലും ഹോട്ടല്‍ അധികൃതര്‍ അനുവദിച്ചില്ല. ഹരിയാനയിലെ ബിജെപി സര്ക്കാരിന്റോ പോലീസും നരോട്ടം മിശ്രയും ചേര്‍ന്നാണ് മന്ത്രിമാരെ തടഞ്ഞിരിക്കുന്നത്. എംഎല്‍എമാരെ കാണാന്‍ അനുവദിക്കുന്നില്ലെന്നും ഭാനോട്ട് പറയുന്നു.


