തിരുവനന്തപുരം: ഇന്ന് രാവിലെ ആറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആറ് വയസുകാരി ദേവനന്ദയുടെ മൃതദേഹം കുടവട്ടൂരിലെ കുടുംബ വീട്ടില്‍ എത്തിച്ചു. ഇവിടെയാണ് കുട്ടിയുടെ സംസ്കാരം നിശ്ചയിച്ചിരിക്കുന്നത്. വൈകിട്ട് ആറിനും ആറരയ്ക്കും ഇടയില്‍ സംസ്കാര ചടങ്ങുകള്‍ നടക്കും.
ഒരു രാത്രി മുഴുവന്‍ ഉറക്കമിളച്ച് നടത്തിയ തെരച്ചിലിനൊടുവില്‍ ഇന്ന് രാവിലെയാണ് ദേവനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയെ ആരെങ്കിലും വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയതാകാമെന്ന സംശയം ഇപ്പോഴും ഉണ്ട്. അതേസമയം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ കുട്ടി മരിച്ചത് ആറ്റില്‍ മുങ്ങിയാണെന്ന് വ്യക്തമായി. കുട്ടിയുടെ ആന്തരികാവയവങ്ങളില്‍ ചെളിയും വെള്ളവും കണ്ടെത്തിയിട്ടുണ്ട്.ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളൊന്നും പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്താനായില്ല.
കാണാതായി ഒരു മണിക്കൂറിനുള്ളില്‍ തന്നെ ദേവനന്ദയുടെ മരണം സംഭവിച്ചതായാണ് പോസ്റ്റ്മോര്ട്ടത്തിലെ കണ്ടെത്തല്‍. മൃതദേഹം അഴുകാന്‍ തുടങ്ങിയിരുന്നുവെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. വയറ്റിലും ശ്വാസകോശത്തിലും വെള്ളവും ചെളിയും ഉണ്ട്. ഇത് മുങ്ങിമരണത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ആന്തരികാവയവങ്ങളുടെ രാസ പരിശോധനയ്ക്ക് ശേഷമേ അന്തിമ നിഗമനത്തിലേക്ക് പോകൂ.


