സൗദി: സൗദിയിൽ മലയാളി നഴ്സിനെ ബാധിച്ചത് ചൈനയിൽ നിന്നു പടരുന്ന കൊറോണ വൈറസല്ലെന്നു സ്ഥിരീകരണം. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനിക്കാണ് രോഗ ബാധയേറ്റിട്ടുള്ളത്. സൗദി തലസ്ഥാന നഗരത്തിൽ നിന്ന് ആയിരം കിലോമീറ്ററകലെ അബഹയിലെ അൽഹയ്യാത്ത് എന്ന സ്വകാര്യ ആശുപത്രിയിലെ സ്റ്റാഫ് നഴ്സാണ് കോട്ടയം സ്വദേശിനി. ചികിത്സയില്‍ കഴിയുന്ന യുവതിയുടെ നില തൃപ്തികരമാണെന്നാണ് വിവരം.
2012ൽ സൗദിയിൽ റിപ്പോർട്ട് ചെയ്തതിനു സമാനമായ കൊറോണ വൈറസാണ് ഇതെന്ന് സയന്റിഫിക് റീജണൽ ഇൻഫെക്ഷൻ കണ്ട്രോൾ കമ്മിറ്റി ചെയർമാൻ ഡോക്ടർ താരിഖ് അൽ അസ്റാഖി പറഞ്ഞു. അസീർ നാഷണൽ ആശുപത്രിയിൽ ചികിൽസയിലുള്ള യുവതിയുടെ നില മെച്ചപ്പെട്ടുവരികയാണെന്നും അധികൃതർ വ്യക്തമാക്കി. ഇവരുടെ സഹപ്രവർത്തകയായ അൽഹയ്യാത്ത് ആശുപത്രിയിലെ ഫിലിപ്പീനി നഴ്സിനാണ് ആദ്യം വൈറസ് ബാധയുണ്ടായത്. ഇവരെ ശുശ്രൂഷിക്കുന്നതിനിടയിലാണ് മലയാളി നഴ്സിന് രോഗം പിടിപെട്ടതെന്നാണ് സൂചന.


