കൊല്ലം: മകളെ സ്കൂളിലാക്കി മടങ്ങി വരവേ, യുവതിയെ പതിയിരുന്ന കാമുകന് കഴുത്തിന് കുത്തിക്കൊലപ്പെടുത്തി. ഇന്ന് രാവിലെ 9.35 ഓടെ കുണ്ടറ കേരളപുരം അഞ്ചുമുക്കിലാണ് സംഭവം. അഞ്ചുമുക്ക് സ്വദേശി ഷൈലയാണ് (40) മരിച്ചത്. പ്രതി കേരളപുരം സ്വദേശി അനീഷ് (30) പൊലീസ് എത്തുന്നതുവരെ സംഭവ സ്ഥലത്തുണ്ടായിരുന്നു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഷൈലയുടെ വീടിന് സമീപം ഒളിച്ചിരുന്ന പ്രതി പിന്നിലൂടെ ഓടിയെത്തി കഴുത്തില്‍ കുത്തുകയായിരുന്നു. കുത്തേറ്റ് പിടഞ്ഞുവീണ യുവതി ഏറെനേരം റോഡില്‍ രക്തം വാര്‍ന്ന് കിടന്നു. കുണ്ടറ പൊലീസ് എത്തിയാണ് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
പ്രവാസിയുടെ ഭാര്യയാണ് കൊല്ലപ്പെട്ടത്. പ്രതിയുമായി ഇവര്‍ നേരത്തെ അടുപ്പത്തിലായിരുന്നുവെന്നും പിന്നീട് തമ്മില്‍ തെറ്റിയതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നുമാണ് പൊലീസ് പറയുന്നത്.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. റൂറല്‍ എസ്.പി ഹരിശങ്കര്‍ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. ഇവരുടെ അടുപ്പം വിവാദമായതോടെ ഇവര്‍ തമ്മില്‍ മുന്‍പും വാക്കേറ്റം ഉണ്ടായിട്ടുണ്ട്. പ്രതിയുടെ ബൈക്ക് കത്തിച്ചത് അടക്കമുള്ള സംഭവങ്ങളും നടന്നിരുന്നതായി പൊലീസ് പറയുന്നു.


