തിരുവനന്തപുരം: ശബരിമല കയറാന്‍ തൃപ്തി ദേശായിയുടെ സംഘത്തിലുണ്ടായിരുന്ന ബിന്ദു അമ്മിണി തിങ്കളാഴ്ച നിയമമന്ത്രി എ.കെ. ബാലന്റെ സെക്രട്ടേറിയറ്റിലെ ഓഫിസിലെത്തി. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.30നോടെയാണു സെക്രട്ടേറിയറ്റില്‍ നിന്നു സന്ദര്‍ശന പാസെടുത്തു മന്ത്രി എ.കെ. ബാലന്റെ ഓഫിസില്‍ ഒറ്റയ്ക്ക് എത്തിയത്. ഇവിടെനിന്നു ട്രെയിന്‍ മാര്‍ഗം എറണാകുളത്തെത്തി തൃപ്തി ദേശായിയുടെ സംഘത്തില്‍ ചേര്‍ന്നത്.
എന്നാല്‍, നിവേദനം നല്കാന് മാത്രമാണ് എത്തിയതെന്നും മന്ത്രി എ.കെ. ബാലന് ഈ സമയം ഇവിടെയുണ്ടായിരുന്നില്ലെന്നും മന്ത്രിയുടെ ഓഫിസ് അറിയിച്ചു. ലീഗല്‍ അസിസ്റ്റന്റ് റാങ്ക് പട്ടികയിലുള്ള ഇവര്‍ പട്ടിക ജാതി- വര്‍ഗ വിഭാഗങ്ങളുടെ കേസുകള്‍ കൈകാര്യം ചെയ്യുന്ന കോടതിയില്‍ ലീഗല്‍ അസിസ്റ്റന്റ് തസ്തിക അനുവദിക്കണമെന്നായിരുന്നു ആദ്യ നിവേദനത്തിലെ ആവശ്യം. ഏറ്റുമാനൂര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലെ അധ്യാപകനെതിരേയുള്ള പരാതിയായിരുന്നു രണ്ടാമത്തെ നിവേദനത്തിലുണ്ടായിരുന്നത്.
ഈ സമയം മന്ത്രി എ.കെ. ബാലന് ആലപ്പുഴയിലായിരുന്ന സാഹചര്യത്തില്‍ പിഎയുടെ കൈവശം നിവേദനങ്ങള്‍ കൈമാറി ഇവര്‍ മടങ്ങിയെന്നാണു മന്ത്രിയുടെ ഓഫിസ് പറയുന്നത്. ശബരിമലയില്‍ കയറുന്നതിനു മുന്‍പു മന്ത്രിയുടെ ഓഫിസിലെത്തിയതു തെറ്റിദ്ധരിപ്പിക്കുന്നതിനാണെന്നും പറയപ്പെടുന്നു. ബിന്ദു അമ്മിണി സെക്രട്ടേറിയറ്റിലെത്തി മന്ത്രി എ.കെ. ബാലനെ സന്ദര്ശിച്ചിട്ടുണ്ടോയെന്നു സര്‍ക്കാര്‍ വിശദീകരിക്കണമെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി സ്ഥലത്ത് ഇല്ലാത്തതിനാലാകാം നിയമന്ത്രിയെ കാണാന്‍ ശ്രമിച്ചതെന്നു മന്ത്രി എം.എം. മണിയും പ്രതികരിച്ചു.


