കരിന്തളം: മദ്യലഹരിയില്‍ ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കവെ മൂന്ന് യുവതികള്‍ റോഡിലേക്ക് തെറിച്ചുവീണു. നാട്ടുകാര്‍ പിടികൂടി ഇവരെ പോലീസിലേല്‍പ്പിച്ചു. വ്യാഴാഴ്ച കരിന്തളം ബാങ്കിനുമുന്നിലാണ് നാടകീയസംഭവം. അപകടത്തില്‍ പരിക്കേറ്റ ഇവരെ രക്ഷിക്കാനെത്തിയപ്പോഴാണ് മൂവരും മദ്യപിച്ചിട്ടുണ്ടെന്ന് നാട്ടുകാര്‍ക്ക് മനസ്സിലായത്. വിവരമറിയിച്ചതിനെത്തുടര്‍ന്ന് നീലേശ്വരം പോലീസ് സ്ഥലത്തെത്തി. ഇവരെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല.
ഇരുചക്രവാഹനം ലോക്ക് ചെയ്ത് ഇവര്‍ താക്കോല്‍ കൈയില്‍ പിടിച്ചു. പോലീസ് വാഹനത്തിലേക്ക് കയറാന്പോലുമാവാതെ കുഴഞ്ഞ ഇവരെ ബലംപ്രയോഗിച്ച് കയറ്റാന്‍ ശ്രമിച്ചപ്പോള്‍ എതിര്‍ത്തു. വനിതാ പോലീസ് എത്തിയാലേ കസ്റ്റഡിയിലെടുക്കാന്‍ കഴിയൂ എന്ന് വാശിപിടിച്ചു. ഇതിനിടയില്‍ യുവതികള്‍ നാട്ടുകാര്‍ക്കും പോലീസിനുംനേരേ തട്ടിക്കയറി.
യുവതികളിലൊരാള്‍ റോഡില്‍ ഛര്‍ദിക്കുകയും ചെയ്തു. പിന്നീട് വനിതാ പോലീസ് എത്തിയാണ് ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. മൂന്നുപേരും ഉദുമ സ്വദേശിനികളാണ്. സുഹൃത്തിനെ കാണാന്‍ പോകുന്നുവെന്നാണ് ഇവര്‍ പോലീസിനോട് പറഞ്ഞത്. ഇവര്‍ക്കെതിരേ പോലീസ് കേസെടുത്തു.


