പാലാരിവട്ടം പാലം അഴിമതിയില്‍ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തുമെന്ന് അറസ്റ്റിലായ മുന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടിഒ സൂരജ്. ജാമ്യഹര്‍ജി നിലവില്‍ ഉള്ളതിനാല്‍ ഇപ്പോഴൊന്നും പറയില്ലെന്നും അദ്ദേഹം പറഞ്ഞു. ജയില്‍ നിന്ന് ഇറങ്ങിയാല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും ടി ഒ സൂരജ് പറഞ്ഞു. സൂരജ് അടക്കമുള്ള നാല് പ്രതികളുടെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും. നാല് പ്രതികളെയും റിമാന്‍ഡ് പുതുക്കുന്നതിനായി ഇന്ന് കൊച്ചിയിലെ ക്യാമ്പ് സിറ്റിംഗില്‍ ഹാജരാക്കും. പ്രതികള്‍ സമര്‍പ്പിക്കുന്ന ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
കരാര്‍ കമ്പനി എംഡി സുമിത് ഘോയല്‍, റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്പ്പറേഷന് മുന്‍ എജിഎം എംടി തങ്കച്ചന്, കിറ്റ്കോ ജോയിന്റ് ജനറല്‍ മാനേജര്‍ എന്നിവരാണ് ജാമ്യ ഹര്‍ജി സമര്‍പ്പിച്ച മറ്റ് പ്രതികള്‍. പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്നാണ് വിജിലസ് കഴിഞ്ഞ ദിവസം കോടതിയോട് ആവശ്യപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട തുടര്‍വാദവും ഇന്ന് നടക്കും.
പാലാരിവട്ടം അഴിമതിക്കേസില്‍ സൂരജിനെതിരെ കൂടുതല്‍ തെളിവുകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പുതിയ സത്യവാങ്മൂലം വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. പാലത്തിന്റെ നിര്‍മ്മാണ സമയത്ത് സൂരജ് മകന്റെ പേരില്‍ 3.3 കോടിയുടെ സ്വത്ത് വാങ്ങിയെന്നും കോടികളുടെ കള്ളപ്പണ ഇടപാട് നടത്തിയെന്നും വിജിലസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.