തിരുവനന്തപുരം: മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയുടെ വാഹനം ഗതാഗതക്കുരിക്കില്പ്പെപട്ട സംഭവത്തില്‍ മൂന്ന് പോലിസുകാരെ സസ്പെന്റ് ചെയ്ത നടപടി പിന്‍വലിച്ചു. ശൂരനാട് പോലിസ് സ്റ്റേഷനിലെ സീനിയര്‍ സിപിഒ ഹരിലാല്‍, സിപിഒ രാജേഷ്, റൂറല്‍ പോലിസ് സ്പെഷല്‍ ബ്രാഞ്ചിലെ എഎസ്ഐ നുക്യുദ്ദീന്‍ എന്നിവരെയാണ് ഗുരുതര സുരക്ഷാവീഴ്ച ആരോപിച്ച് കഴിഞ്ഞയാഴ്ച എസ്പി സസ്പെന്റ് ചെയ്തിരുന്നത്.
മന്ത്രിയുടെ വാഹനം ഗതാഗതക്കുരുക്കില്‍പ്പെട്ടതിന് പോലിസുകാരെ സസ്പെന്‍ഡ് ചെയ്തത് ഏറെ വിമര്‍ശനത്തിനിടയാക്കിയ പശ്ചാത്തലത്തിലാണ് നടപടി പിന്‍വലിക്കാന്‍ തീരുമാനിച്ചത്. പത്തനംതിട്ടയില്‍ സ്വാതന്ത്ര്യദിനാഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്ന മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയുടെയും ശൂരനാട്ടെ ദുരിതാശ്വാസ ക്യാംപുകളില്‍ സന്ദര്‍ശനത്തിനെത്തിയ എസ്പി ആര് ഹരിശങ്കറിന്റെയും വാഹനങ്ങള്‍ വിവാഹ ഓഡിറ്റോറിയത്തിനു മുന്നിലെ തിരക്കില്‍ 10 മിനിറ്റോളം കുടുങ്ങിക്കിടന്നതിനായിരുന്നു പോലിസുകാര്‍ക്കെതിരേ നടപടിയെടുത്തിരുന്നത്.
ഇവരെ പിന്നീട് സ്ഥലംമാറ്റുകയും ചെയ്തു. ചക്കുവള്ളിക്ക് സമീപം വിവാഹസംഘത്തിന്റെ ടൂറിസ്റ്റ് ബസ് റോഡരികില്‍ നിര്‍ത്തിയിട്ടതിനെ തുടര്‍ന്നാണ് ഗതാഗതക്കുരുക്കുണ്ടായത്.