കൊച്ചി: ഡി.ഐ.ജി ഓഫീസ് മാര്‍ച്ചിനിടെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് എം.എല്‍.എ ഉള്‍പ്പെടെയുള്ളവരെ പ്രതിയാക്കി സെന്‍ട്രല്‍ പൊലിസ് കേസ് എടുത്തു. ജില്ല സെക്രട്ടറി പി.രാജു, എല്‍ദോ എബ്രഹാം എം.എല്‍.എ എന്നിവരാണ് ഒന്നും രണ്ടും പ്രതികള്‍. കട്ടയും കുറുവടിയും കല്ലുമായാണ് പ്രവര്‍ത്തകര്‍ മാര്‍ച്ചിന് എത്തിയത്, മുന്‍കൂട്ടി അനുമതിയില്ലാതെയായിരുന്നു മാര്‍ച്ചെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. അന്യായമായി സംഘം ചേരല്‍, കലാപമുണ്ടാക്കല്‍, പൊതു വഴി തടസപ്പെടുത്തല്‍, ഔദ്യോഗിക കൃത്യനിര്‍വഹണത്തിലുള്ള ഉദ്യോഗസ്ഥനെ പരിക്കേല്‍ക്കും വിധം മനപൂര്‍വം ആക്രമിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
പ്രതികള്‍ 800
സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗം കെ.കെ. അഷ്റഫ്, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി കെ.എന്‍. സുഗതന്, മുടക്കയം സദാശിവന്, സി.പി.ഐ ജില്ലാ കൗണ്‍സില്‍ അംഗം അസ്ലഫ് പാറേക്കാടന്‍, ഉദയംപേരൂര്‍ ലോക്കല്‍ സെക്രട്ടറി ആല്വിന് സേവ്യര്‍, ചൂര്‍ണിക്കര ലോക്കല്‍ സെക്രട്ടറി പി.കെ. സതീഷ്കുമാര്‍, പ്രവര്‍ത്തകരായ ജോണ്‍ മുക്കത്ത്, സജിത്ത്, 800 ഓളം കണ്ടാലറിയാവുന്ന പ്രവര്‍ത്തകര്‍ എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
അന്വേഷണം കൊച്ചി സിറ്റി ക്രൈം ഡിറ്റാച്ച്മെന്റ് ഏറ്റെടുത്തു.
അതേസമയം അന്വേഷണം കൊച്ചി സിറ്റി ക്രൈം ഡിറ്റാച്ച്മെന്റ് അസി.കമ്മിഷണര്‍ ബിജി ജോര്‍ജ് ഏറ്റെടുത്തു. കേസുമായി ബന്ധപ്പെട്ട രേഖകള്‍ സെന്‍ട്രല്‍ പോലീസ് അന്വേഷണ ഉദ്യോഗസ്ഥന് കൈമാറിയിട്ടുണ്ട്. ഈ അന്വേഷണത്തില്‍ വ്യക്തമാകുന്ന കാര്യങ്ങള്‍ക്ക് അനുസരിച്ചായിരിക്കും അറസ്റ്റടക്കമുള്ള തുടര്‍നടപടികള്‍. വൈപ്പിന്‍ ഗവ. കോളജിലെ എസ്.എഫ്.ഐ – എ.ഐ.എസ്.എഫ് സംഘര്‍ഷത്തില്‍ പക്ഷപാതപരമായി നിലപാടെടുത്ത ഞാറയ്ക്കല്‍ സി.ഐക്കെതിരെ നടപടി എടുക്കണം എന്നാവശ്യപ്പെട്ടായിരുന്നു സി.പി.ഐയുടെ ഡി.ഐ.ജി ഓഫീസ് മാര്‍ച്ച്.
പൊലീസ് ലാത്തിച്ചാര്‍ജില്‍ എൽദോ എബ്രഹാം എംഎല്‍എയുടെ കൈ ഒടിഞ്ഞിട്ടില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്



