തിരുവല്ല: ട്രാൻസ്ജെൻഡർസിനെ മുഖ്യ ധാരയിലേക്കു കൊണ്ടുവരണമെന്നും ദൈവത്തിന്റെ മനുഷ്യ മുഖം അവരിൽ ദർശിക്കണമെന്നും അതിനായി നമുക്ക് മനപരിവർത്തനം ഉണ്ടാകണമെന്നും ഡോ. ജോസഫ് മാർതോമ മെത്രാപ്പോലീത്ത പ്രസ്താവിച്ചു. കേരള കൗൺസിൽ ഓഫ് ചർച്ചസിന്റെ (കെ.സി.സി.) യുടെ നേതൃത്വത്തിൽ ട്രാൻസ്ജെൻഡർ വിഷയങ്ങളോടുള്ള സഭകളുടെ പ്രതികരണം എന്ന വിഷയത്തിൽ നടത്തിയ സെമിനാർ തിരുവല്ല കൊമ്പാടി എപ്പിസ്കോപ്പൽ ജൂബിലി ഇൻസ്റ്റിറ്റ്യൂട്ടിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മെത്രാപ്പോലീത്ത. ഉന്നത സ്ഥാനീയരും വചനം പഠിക്കുവാൻ താല്പര്യം ഉള്ളവരുമായി ആണ് ട്രാൻസ്ജെൻഡർസിനെ വേദപുസ്തകം ചിത്രീകരിക്കുന്നതെന്നും അവരോട് മുൻവിധികളോടുള്ള സമീപനം സഭകളും സമൂഹവും ഒഴിവാക്കണമെന്നും മെത്രാപ്പോലീത്ത ആവശ്യപ്പെട്ടു.
കെ.സി.സി.പ്രസിഡന്റ് ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത അധ്യക്ഷനായിരുന്നു. നരവംശ ശാസ്ത്രം വളർന്നുകൊണ്ടിരിക്കുകയാണെന്നും അതിനാൽ നിലവിലുള്ള കാഴ്ചപ്പാടുകൾ പലതും തിരുത്തണമെന്നും ക്രിസ്തുവിൽ ആണും പെണ്ണും ട്രാൻസ്ജെൻഡറും എന്നില്ലെന്നും സകല സൃഷ്ടിയുടെയും അടിസ്ഥാന അവകാശങ്ങൾക്കായി ശ്രമിക്കുക സഭയുടെ ദൗത്യമാണെന്നും അദ്ദേഹം പ്രസ്താവിച്ചു. ബിഷപ്പ് മാത്യൂസ് മാർ സിൽവാനിയോസ് അനുഗ്ര പ്രഭാഷണം നടത്തി. നാഷണൽ കൗൺസിൽ ഓഫ് ചർച്ചസ് ഇൻ ഇന്ത്യ എക്സിക്യൂട്ടീവ് സെക്രട്ടറി റവ. ഡോ. എബ്രഹാം മാത്യു മുഖ്യ സന്ദേശം നൽകി.
റവ. ഡോ. ജോൺ ഫിലിപ്പ് എ., ശ്രീക്കുട്ടി, പത്മഎന്നിവർ പ്രബന്ധവതരണം നടത്തി. അഡ്വ. പ്രകാശ് പി. തോമസ്, റവ. ഡോ. സാബു കോശി എന്നിവർ പ്രസംഗിച്ചു