ആലപ്പുഴ: കേരളത്തില്‍ ഈ സീസണ് മുതല്‍ വള്ളംകളി ലീഗ്. ക്രിക്കറ്റ്, ഫുട്ബോള്‍ ലീഗ് മാതൃകയില്‍ ഓഗസ്റ്റിലെ രണ്ടാം ശനിയാഴ്ച നടക്കുന്ന നെഹ്റു ട്രോഫി മത്സരത്തോടെയാണ് വള്ളംകളി ലീഗിന് തുടക്കമാകുന്നത്. ഇതിന് മുന്നോടിയായി ദിവസങ്ങള്‍ നീണ്ട പരിശീലനത്തിലാണ് കളിവള്ളങ്ങള്‍. വള്ളംകളി ലീഗിനുവേണ്ടിയുള്ള തയ്യാറെടുപ്പ് മാറ്റുരക്കാനുള്ള വേദിയായി ഇന്ന് നടക്കുന്ന ചമ്പക്കുളം മൂലം വള്ളംകളി മാറും. ഈ സീസണിലെ ആദ്യ വള്ളംകളിയാണിത്. ആറ് ചുണ്ടന് വള്ളങ്ങള്‍ ഉള്‍പ്പെടെ 21 വളളങ്ങള്‍ മൂലം ജലോത്സവത്തില്‍ മാറ്റുരയ്ക്കും. ഉച്ചയ്ക്ക് 2.30നു തുടങ്ങുന്ന മല്‍സരങ്ങള്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് ഉദ്ഘാടനം ചെയ്യും.
♦ വള്ളംകളി ലീഗ്
ചുണ്ടന് വള്ളങ്ങളുടെ മത്സരങ്ങള്‍ ഈ സീസണ് മുതല്‍ തികച്ചും പ്രൊഫഷണലായാണ് നടത്തുക. ചാംപ്യന്‍സ് ബോട്ട് ലീഗ്(സിബിഎല്‍) എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ വള്ളംകളി ലീഗിന് തുടക്കമിടാന്‍ തീരുമാനിച്ചിരുന്നെങ്കിലും പ്രളയം കാരണം അത് നടന്നില്ല. ഇത്തവണ നെഹ്റു ട്രോഫി വള്ളംകളി മുതല്‍ കേരളപ്പിറവി ദിനത്തില്‍ നടക്കുന്ന കൊല്ലത്തെ പ്രസിഡന്റ്സ് ട്രോഫി വരെയുള്ള മത്സരങ്ങള്‍ സിബിഎലിന്റെ ഭാഗമായിരിക്കും. ഒമ്പത് ചുണ്ടന് വള്ളങ്ങളാണ് ലീഗില്‍ മത്സരിക്കുന്നത്. ലീഗില്‍ ജേതാവാകുന്ന ചുണ്ടന് വള്ളത്തിന് 25 ലക്ഷം രൂപ സമ്മാനമായി ലഭിക്കും. രണ്ടാം സ്ഥാനത്ത് എത്തുന്ന ചുണ്ടന് 15 ലക്ഷവും മൂന്നാമതെത്തുന്ന വള്ളത്തിന് 10 ലക്ഷവും സമ്മാനമായി ലഭിക്കും.
♦ ചമ്പക്കുളം വള്ളംകളി
ആലപ്പുഴയുടെ ഓളപ്പരപ്പില്‍ ഇന്ന് ആവേശത്തിന്റെ തുഴ വീഴുമ്പോള്‍ ഒരു ജലോല്‍സവ കാലത്തിനു കൂടി തുടക്കം. വഞ്ചിപ്പാട്ടിന്റെ താളം നിറഞ്ഞ ആലപ്പുഴയില്‍ ജലരാജാക്കന്മാരുടെ കുതിപ്പായിമാറുന്ന ചമ്പക്കുളം മൂലം വള്ളം കളി ഉച്ചയ്ക്ക് രണ്ടരയോടെ ആരംഭിക്കും. കുറിച്ചി ക്ഷേത്രത്തില്‍ നിന്നും അമ്പലപ്പുഴ ക്ഷേത്രത്തിലേക്ക് ജലഘോഷയാത്രയായി പ്രതിഷ്ഠാ വിഗ്രഹം കൊണ്ടുപോയതിന്റെ സ്മരണ പുതുക്കലാണ് മൂലം വളളംകളി. മിഥുന മാസത്തിലെ മൂലം നാളില്‍ നടത്തുന്ന ഈ ജല മേളയോടെയാണ് കേരളത്തില്‍ ജലോത്സവങ്ങളുടെ തുടക്കം.
ചുണ്ടന് ,ഇരുട്ടുകുത്തി ,വെപ്പ് തുടങ്ങി 21 വള്ളങ്ങള്‍ മത്സരത്തിനുണ്ടാകും. നടുഭാഗം, ചമ്പക്കുളം, കാരിച്ചാല്‍, ചെറുതന, ആയാപറമ്പ് വലിയ ദിവാന്‍ജി , ദേവാസ് എന്നിവ ഇത്തവണ ചുണ്ടന് വളളങ്ങളില്‍ വേഗത്തിന്റെ തുഴയെറിഞ്ഞ് മാറ്റുരയ്ക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രന് ഉദ്ഘാടനം നിര്‍വഹിക്കും. വൈകുന്നേരം അഞ്ചുമണിയോടെയാണ് ഫൈനല്‍ മല്‍സരങ്ങള്‍ തുടങ്ങുക. ഓളപ്പരപ്പുകളില്‍ ആവേശത്തിന്റെ വേലിയേറ്റം തീര്‍ത്ത് മറ്റൊരു ജലോല്‍സവ കാലത്തെ സ്വീകരിക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി കാത്തിരിക്കുകയാണ് കിഴക്കിന്റെ വെനീസ്




