ബെംഗളുരു: കർണാടക സർക്കാർ താഴെ വീഴില്ലെന്ന് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. രാജി വച്ച വിമത എംഎൽഎമാർക്ക് മന്ത്രിപദവി നൽകാൻ കർണാടകത്തിൽ മുഖ്യമന്ത്രിയൊഴികെ മറ്റെല്ലാ മന്ത്രിമാരും രാജി നൽകി. ആഭ്യന്തരകലഹം അതിന്റെ മൂർദ്ധന്യാവസ്ഥയിലെത്തിയിട്ടും സർക്കാർ താഴെ വീഴാതിരിക്കാൻ പൂഴിക്കടകൻ പയറ്റുകയാണ് കോൺഗ്രസ് – ജെഡിഎസ് നേതൃത്വങ്ങൾ. സ്വതന്ത്രനായ മന്ത്രി എച്ച് നാഗേഷ് രാജി വച്ച് ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെയാണ് മന്ത്രിമാരുടെ കൂട്ട രാജി.
#Karnataka Chief Minister and JD(S) leader HD Kumaraswamy: I don't have any kind of anxiety about the present political development. I don't want to discuss anything about politics. pic.twitter.com/qsidfRD5Cg
— ANI (@ANI) July 8, 2019
ആദ്യം രാജി പ്രഖ്യാപിച്ചത് കോൺഗ്രസ് മന്ത്രിമാരാണ്. 21 കോൺഗ്രസ് മന്ത്രിമാർ കൂട്ടത്തോടെ രാജി വച്ചു. പിന്നാലെ ജെഡിഎസ് മന്ത്രിമാരും രാജി പ്രഖ്യാപിച്ചു. വിമത കോൺഗ്രസ് എംഎൽഎ രാമലിംഗ റെഡ്ഡിയുൾപ്പടെയുള്ളവരുമായി മുഖ്യമന്ത്രി തന്നെ നേരിട്ട് കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടുതൽ പേരെ ബിജെപി സ്വന്തം പാളയത്തിലേക്ക് വലിക്കാതിരിക്കാൻ ജെഡിഎസ് എംഎൽഎമാരെ കൂർഗിലെ പാഡിംഗ്ടൺ റിസോർട്ടിലേക്ക് മാറ്റാനൊരുങ്ങുകയാണ് നേതൃത്വമിപ്പോൾ.


