പെരുമ്പാവൂർ : ചേലാമറ്റം വില്ലേജ് ഓഫീസ് സ്മാർട്ടാക്കി മാറ്റുന്ന പദ്ധതിക്ക് റവന്യു വകുപ്പിൽ നിന്ന് അംഗീകാരം ലഭിച്ചതായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. പുതിയ കെട്ടിടവും ആധുനിക സംവിധാനങ്ങളും ഒരുക്കുന്നതിന് 40 ലക്ഷം രൂപയാണ് വകുപ്പ് അനുവദിച്ചത്. ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചു വേഗത്തിൽ സേവനം നൽകാനാണ് സ്മാർട്ട് വില്ലേജ് ഓഫിസുകൾ സ്ഥാപിക്കുന്നത്. 1200 ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടമാണ് പദ്ധതി പ്രകാരം നിർമിക്കുന്നത്. സർക്കാർ അനുവദിക്കുന്നതിൽ നിന്നും അധികമായി തുക ആവശ്യമായി വരികയാണെങ്കിൽ എം.എൽ.എ ഫണ്ട് വിഹിതമായി നൽകുമെന്നും എം.എൽ.എ അറിയിച്ചു.
സ്മാർട്ട് വില്ലേജ് ഓഫിസുകളിൽ എത്തുന്നവർക്ക് കാത്തിരിക്കാൻ ഇരിപ്പിടങ്ങളും ഫോം പൂരിപ്പിക്കുന്നതിനു ബാങ്ക് മാതൃകയിലുള്ള സംവിധാനവും ശുദ്ധജലവും ഒരുക്കും. ജീവനക്കാർക്കു ഹാഫ് കാബിൻ അടക്കമുള്ള സംവിധാനങ്ങൾ ഉണ്ടാവും. കംപ്യൂട്ടര്‍ ഉപയോഗിക്കാന്‍ അറിയാത്തവര്‍ക്ക് സഹായത്തിനായി ഫ്രണ്ട് ഓഫീസ് സംവിധാനം ഒരുക്കും. ടോക്കണ്‍ എടുക്കുന്നതിനുള്ള സൗകര്യങ്ങളും, നമ്പര്‍ പ്രദര്‍ശിപ്പിക്കുന്ന ഇലക്ട്രോണിക് ബോര്‍ഡും ഓഫിസിൽ സ്ഥാപിക്കും. സ്ത്രീകള്‍ക്കും മുതിര്‍ന്നവര്‍ക്കും വികലാംഗര്‍ക്കും വിശ്രമമുറികൾ ഒരുക്കുന്നതിനും പദ്ധതി തയ്യാറാക്കുന്നുണ്ട്. ഏഴ് ഉദ്യോഗസ്ഥർക്ക് ഒരേസമയം തന്നെ ജോലി ചെയ്യുന്നതിനുള്ള ഫ്രണ്ട് ഓഫീസ് സൗകര്യം സ്മാർട്ട് വില്ലേജ് ഓഫീസിന്റെ പ്രത്യേകതയാണ്. ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും പ്രത്യേകം ശുചിമുറികൾ, ഫയലുകള്‍ സൂക്ഷിക്കാന്‍ അടച്ചുറപ്പുള്ള ഡോക്യുമെന്റ് റൂം, വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ മനോഹാരിതക്ക് മറ്റു കൂട്ടുന്ന പൂന്തോട്ടം എന്നിവയും പുതിയ ഓഫീസ് സൗകര്യങ്ങളുടെ ഭാഗമായി നിർമ്മിക്കുന്നതിന് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

