തിരുവനന്തപുരം: വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്ത് ശനിയാഴ്ച മത്സ്യത്തൊഴിലാളികളുടെ വലയിൽ ഭീമൻ തിരണ്ടി കുടുങ്ങി. നൂറുകിലോയോളം ഭാരമുള്ള ഭീമൻ തിരണ്ടിയാണ് എല്ലാവർക്കും അത്ഭുതക്കാഴ്ചയായത്.
വള്ളത്തിൽ മീൻ പിടിക്കാൻ പോയവർക്കാണ് തിരണ്ടിയെ ലഭിച്ചത്. ഇടയ്ക്കിടെ തിരണ്ടിമീനുകളെ ലഭിക്കാറുണ്ടെങ്കിലും ഇത്രയും വലുത് കിട്ടാറില്ലെന്ന് മീൻപിടിത്തത്തൊഴിലാളികൾ പറയുന്നു. അതേസമയം, നേരത്തെ 800 കിലോ വലുപ്പം വരെയുള്ള തിരണ്ടിയെ വരെ വിഴിഞ്ഞത്ത് ലഭിച്ചിട്ടുണ്ടെന്നും അവർ പറയുന്നു.
തിരണ്ടിയെ ലേലത്തിലൂടെ വിൽക്കുകയാണ് പതിവ്. ശനിയാഴ്ച കിട്ടിയ തിരണ്ടിക്ക് 7500-നു മുകളിൽ വില നൽകേണ്ടിവരുമെന്ന് ലേലത്തിൽ പങ്കെടുക്കാനെത്തിയവർ പറഞ്ഞു. സാധാരണഗതിയിൽ റിസോർട്ടുകാരും മറ്റുമാണ് ഇത്രയും വലുപ്പമുള്ള തിരണ്ടിയെ ലേലത്തിൽ വാങ്ങാറുള്ളത്.
തെക്കൻ ജില്ലക്കാർ തിരണ്ടി മത്സ്യം സാധാരണഗതിയിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്താറില്ല. എന്നാൽ, വടക്കൻ ജില്ലക്കാർക്ക് തിരണ്ടി വളരെ പ്രിയമാണെന്ന് മുതിർന്ന മത്സ്യത്തൊഴിലാളികൾ പറയുന്നു. തിരണ്ടി മത്സ്യം ഉണക്കി കയറ്റുമതിചെയ്യുന്ന പതിവും വിഴിഞ്ഞത്തുണ്ട്.


