കോഴിക്കോട്: കല്ലട ബസില്‍ യാത്രക്കാരിയെ ഡ്രൈവര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ പൊലീസ്. യുവതി പറഞ്ഞ സമയം കണക്കാക്കി കോഴിക്കോട് നഗരത്തിലെ സിസിടിവി ക്യാമറകള്‍ പരിശോധിച്ച് തെളിവ് ശേഖരിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഇതിനുപുറമേ ബസിലെ മറ്റ് ജീവനക്കാര്‍, കഴിയാവുന്നത്ര സഹയാത്രികര്‍ എന്നിവരില്‍ നിന്ന് മൊഴിയെടുക്കും. അതിന് ശേഷമായിരിക്കും പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യുക.
ഇന്നലെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ പ്രതി ജോണ്സന് ജോസഫിനെ കോടതി പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തിരുന്നു. പ്രതി മദ്യലഹരിയിലായിരുന്നുവെന്ന് വൈദ്യ പരിശോധയില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ തനിക്കെതിരെ നടക്കുന്നത് ഗൂഢാലോചനയാണെന്നാണ് ജോണ്സണ് പറയുന്നത്. പരാതിക്കാരിയായ സ്ത്രീ യാത്രക്കാരുടെ പേരുവിവരങ്ങളടങ്ങിയ ചാര്‍ട്ട് ലിസ്റ്റിലുണ്ടായിരുന്നില്ലെന്നും അതുകൊണ്ട് വിളിച്ച് എഴുന്നേല്‍പ്പിച്ച് ചോദിച്ചതാണെന്നും ഇയാള്‍ പറഞ്ഞു.
വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ കോഴിക്കോട് വെച്ചായിരുന്നു സംഭവം. കണ്ണൂരില്‍ നിന്നും കൊല്ലത്തേക്ക് പോകുകയായിരുന്ന തമിഴ്നാട് സ്വദേശിനിയായ യുവതിക്ക് നേരെയാണ് പീഡനശ്രമം ഉണ്ടായത്. സഹയാത്രികര്‍ ഇടപെട്ട് ബസിന്റെ രണ്ടാം ഡ്രൈവര്‍ കോട്ടയം പുതുപ്പള്ളി സ്വദേശി ജോണ്സണ് ജോസഫിനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.


