തിരുവനന്തപുരം: കടുത്ത വരള്‍ച്ചയ്ക്ക് അറുതിവരുത്തി സംസ്ഥാനത്ത് രണ്ട് ദിവസത്തിനകം മണ്‍സൂണ്‍ മഴയെത്തും. വ്യാഴാഴ്ച മുതല്‍ മണ്‍സൂണ്‍ മഴ ലഭിച്ചു തുടങ്ങുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുള്ളതിനാല്‍ കൊല്ലം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ മുതല്‍ മറ്റെല്ലാ ജില്ലകളിലും ഗ്രീന്‍ അലേര്‍ട്ടും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചു.
തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് ജില്ലകളിലും ഇന്ന് ഇടിയോട് കൂടി മഴ പെയ്തേക്കും. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. ദുരന്തനിവാരണ അതോറിറ്റി ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ജൂണ്‍ മുതല്‍ സെപ്തംബര്‍വരെയാണ് മണ്‍സൂണ്‍ കാലം. കേരളമുള്‍പ്പെടുന്ന തെക്കന്‍ മേഖലയില്‍ കാലവര്‍ഷത്തില്‍ 92 ശതമാനം മഴ ലഭിക്കുമെന്നും വകുപ്പ് പറയുന്നു. ആഗസ്തില്‍ രാജ്യത്ത് 99 ശതമാനം മഴ ലഭിക്കുമെന്നും പ്രവചനമുണ്ട്.

