ന്യൂഡല്‍ഹി: അര്‍ബുദം ബാധിച്ച് ഗുരുതരാവസ്ഥയിലായ രണ്ടര വയസുകാരിയെ ആശുപത്രിയിലെത്തിക്കാന്‍ സ്വകാര്യവിമാനം ഏര്‍പ്പാടാക്കി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയതായിരുന്നു പ്രിയങ്ക. പ്രയാഗ്രാജിലെ കമല നെഹ്റു ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന കുഞ്ഞിനെ വിദഗ്ദ്ധ ചികിത്സയ്ക്കായി ഉടന്‍ ഡല്‍ഹി എയിംസ് എത്തിക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു. വിവരം അറിഞ്ഞ കോണ്‍ഗ്രസ് നേതാവ് രാജീവ് ശുക്ലയാണ് പ്രിയങ്ക ഗാന്ധിയോട് കുഞ്ഞിന്റെ അവസ്ഥ പറഞ്ഞത്.

കുട്ടിയുടെ ഗുരുതരവസ്ഥ മനസിലാക്കിയ പ്രിയങ്കാ ഗാന്ധി കുഞ്ഞിനെ ഡല്‍ഹിയിലേക്ക് കൊണ്ടുപോകാമെന്ന് അറിയിച്ചു.
പ്രിയങ്ക ഉടന്‍ കുട്ടിയെയും കുടുംബാംഗങ്ങളെയും വിമാനമാര്‍ഗം ഡല്‍ഹിയിലെത്തിക്കാന്‍ പാര്‍ട്ടി ഭാരവാഹികള്‍ക്ക് നിര്‍ദ്ദേശം നല്കി. പിന്നാലെ കുഞ്ഞിനെയും കുടുംബത്തെയും കൊണ്ട് വിമാനം ഡല്‍ഹി എയിംസിലേക്ക് പറന്നു.
പ്രചാരണത്തിന് എത്തിയ മുഹമ്മദ് അസ്ഹറുദീന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് നേതാക്കളും പെണ്‍കുട്ടിയുടെ കുടുംബത്തെ അനുഗമിച്ചു. പെണ്‍കുട്ടിയെ പ്രിയങ്ക പിന്നീട് ആശുപത്രിയില്‍ സന്ദര്‍ശിക്കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കി.


