കൊച്ചി: ആലുവയിലെ സ്വർണ കവർച്ചയ്ക്ക് പിന്നിൽ ഇതരസംസ്ഥാന കവർച്ചാസംഘമെന്ന വാദം തളളി പൊലീസ്. കൃത്യത്തിനെത്തിയവർ മലയാളത്തിലാണ് സംസാരിച്ചതെന്ന മൊഴി അന്വേഷണ സംഘത്തിന് കിട്ടി. കസ്റ്റഡിയിലുളളവരുടെ മൊഴികളിലെ വൈരുദ്ധ്യമാണ് നിലവിൽ പരിശോധിക്കുന്നത്.

ആലുവ എടയാറിലേക്ക് കൊണ്ടുവന്ന 22 കിലോ സ്വർണം കവർച്ച ചെയ്ത സംഭവത്തിലാണ് പൊലീസ് ചോദ്യം ചെയ്യൽ തുടരുന്നത്. വിവിധ ജ്വല്ലറികളിൽ നിന്നായി സ്വർണം ശേഖരിച്ച് ഇവിടെയെത്തിക്കുന്ന സ്വകാര്യ ഏജൻസിയിലേയും എടയാറിലെ സ്വർണ ശുദ്ധീകരണ ശാലയിലേയും ജീവനക്കാരുടെ വിശദാംശങ്ങൾ വിശദമായി പരിശോധിക്കുകയാണെന്ന് അന്വേഷണ സംഘം അറിയിച്ചു.
സംശയമുളളവരുടെ മൊബൈൽ ഫോൺ വിശദാംശങ്ങളാണ് തേടിയിരിക്കുന്നത്. സ്വർണം കൊണ്ടുപോയ കൊച്ചിയിലെ സ്വകാര്യ ഏജൻസിയിലെ നാലുപേരാണ് നിലവിൽ കസ്റ്റഡിയിലുളളത്. ഇവരുടെ മൊഴികളിൽ ചില വൈരുദ്ധ്യങ്ങളുളളതായി ബോധ്യപ്പെട്ടിട്ടുണ്ട്. ഇതിൽ വ്യക്തത വരുത്താനാണ് നിലവിലെ ശ്രമം. കവർച്ചക്കെത്തിയവരുടെ കൃത്യത്തിന് മുമ്പുളള ദൃശ്യങ്ങളും പൊലീസിന് കിട്ടിയിട്ടുണ്ട്.


