തൃശൂര്‍: തൃശൂര്‍ പൂരത്തില്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഇടഞ്ഞാല്‍ ഉത്തരവാദപ്പെട്ടവര്‍ മറുപടി പറയേണ്ടി വരുമെന്ന് മന്ത്രി വി.എസ് സുനില്‍ കുമാര്‍. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വിലക്കിയത് ജില്ലാ കലക്ടറാണ്. സര്‍ക്കാരിന് ഇക്കാര്യത്തില്‍ നിര്‍ബന്ധബുദ്ധിയില്ലെന്നും അദ്ദേഹം പറഞ്ഞു. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വിലക്കിയതിനെതിരായ ഹര്‍ജി ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കാനിരിക്കെയാണ് മന്ത്രി സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂര്‍ പൂരത്തിന് എഴുന്നള്ളിക്കണമെന്ന് കോടതി പറഞ്ഞാല്‍ സര്‍ക്കാര്‍ എതിര്‍ക്കില്ല. പക്ഷെ എഴുന്നള്ളിപ്പിനിടെ ആന ഇടഞ്ഞാല്‍ ഉത്തരവാദപ്പെട്ടവര്‍ മറുപടി പറയേണ്ടിവരുമെന്നും സുനില്‍ കുമാര്‍ വ്യക്തമാക്കി. തൃശൂര്‍ കളക്ടര്‍ അധ്യക്ഷയായ നാട്ടാന നിരീക്ഷക സമിതിയുടെ വിലക്ക് ചോദ്യം ചെയ്ത് തെച്ചിക്കോട്ടുകാവ് ദേവസ്വം നല്കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.