തിരുവനന്തപുരം: കടലാക്രമണത്തെത്തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകളില്ക്കഴിയുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് അടിയന്തിരമായി ഭക്ഷണവും കുടിവെള്ളവുമെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് വി.എസ്.ശിവകുമാര്‍ എംഎല്‍എ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
വലിയതുറയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചപ്പോള്‍ ഭക്ഷണം ലഭിക്കുന്നില്ലായെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ഇക്കാര്യം ജില്ലാ കളക്ടറെ അറിയിച്ചതായും ശിവകുമാര്‍ പറഞ്ഞു. കടലാക്രമണം തടയുന്നതിന് കടല്‍ഭിത്തി നിര്‍മ്മിക്കുകയല്ലാതെ മറ്റു പോംവഴികളൊന്നുമില്ല. നിര്‍മ്മാണത്തിനാവശ്യമായ പാറക്കല്ലുകള്‍ ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍തലത്തില്‍ നടപടികള്‍ സ്വീകരിക്കണം.
കടലാക്രമണം തടയുന്നതിനുള്ള താല്‍ക്കാലിക സംവിധാനമെന്ന നിലയില്‍ മണല്‍ചാക്കുകള്‍ നിറച്ച് കടല്‍ഭിത്തി നിര്‍മ്മിക്കുന്ന പ്രവൃത്തി എംഎല്‍എ വിലയിരുത്തി. വീടുകളും മത്സ്യബന്ധനോപകരണങ്ങളും നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് നഷ്ടം തിട്ടപ്പെടുത്തി അടിയന്തിര ധനസഹായം നല്‍കണമെന്നും ശിവകുമാര്‍ ആവശ്യപ്പെട്ടു.