ന്യൂഡല്‍ഹി: ടിക് ടോക് നിരോധിച്ചു കൊണ്ടുള്ള കോടതി ഉത്തരവ് നിലവിലെ ഉപയോക്താക്കളെ ബാധിക്കില്ലെന്ന് ടിക് ടോക് അധികൃതര്‍. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ആപ്പ് സ്റ്റോറില്‍ നിന്നാണ് ടിക് ടോക് നിരോധിച്ചിരിക്കുന്നതെന്നും ഇത് നിലവിലെ ഉപയോക്താക്കളെ ഒരുതരത്തിലും ബാധിക്കില്ലെന്നുമാണ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്.

നിരോധനം നിലനില്‍ക്കുന്ന ഈ കാലയളവില്‍ തന്നെ നിലവിലെ ഉപയോക്താക്കള്‍ക്ക് വീഡിയോ എടുക്കാനും ഷെയര്‍ ചെയ്യാനും കഴിയുമെന്നും നിലവിലെ അതേ രീതിയില്‍ തന്നെ ആപ്പ് ഉപയോഗിക്കാമെന്നും ടികോ ടോക് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. നിങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനുള്ള വേദിയെന്നോണമാണ് ടിക് ടോക് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതെന്നും എല്ലാ പിന്തുണയ്ക്കും നന്ദിയുണ്ടെന്നും ടിക് ടോക് അധികൃതര്‍ പറയുന്നു.


