എരുമേലി: വനത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ അജ്ഞാതന്റെ മൃതദേഹം താഴെയിറക്കാന്‍ 5000 രൂപ ആവശ്യപ്പെട്ടതോടെ എസ്ഐ തന്നെ മരത്തില്‍ കയറി മൃതദേഹം താഴെയിറക്കി. എരുമേലി കനകപ്പലം വനത്തില്‍ ഇന്നലെ ഉച്ചയോടെയാണ് പുരുഷനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവമറിഞ്ഞു പൊലീസും നൂറുകണക്കിന് ആളുകളും സ്ഥലത്തെത്തി.
മൃതദേഹം താഴെയിറക്കാന്‍ സഹായിക്കാന്‍ കൂടി നിന്നവരോട് പൊലീസ് അഭ്യര്‍ഥിച്ചെങ്കിലും ആരും അടുക്കാന്‍ തയാറായില്ല. ദുര്‍ഗന്ധം കാരണം എല്ലാവരും അല്‍പ്പം അകലെ മാറിനിന്നു മൂക്കു പൊത്തി. ഇതിനിടെയാണ് മൃതദേഹം താഴെയിറക്കാമെന്നേറ്റ് ഒരാളെത്തിയത്. പക്ഷേ അയാള്‍ 5000 രൂപ പ്രതിഫലം ആവശ്യപ്പെട്ടു. എന്നാല്‍ എസ്ഐ ഇ.ജി.വിദ്യാധരന് ഷൂസ് അഴിച്ചു വച്ച് 40 ഇഞ്ചോളം വണ്ണമുള്ള മരത്തില്‍ കയറി. 15 അടി ഉയരത്തില്‍ ചെന്നു കെട്ടഴിച്ചു സാവധാനം മൃതദേഹം താഴെയിറക്കി. തുടര്‍ന്നു മൃതദേഹം പരിശോധിക്കുകയും ചെയ്തു.
മൃതദേഹം പിന്നീട് കാട്ടുവള്ളി ഉപയോഗിച്ച് ഉയര്‍ത്തിയത് എസ്ഐയും സിഐ എം.ദിലീപ് ഖാനും ഉള്‍പ്പെടുന്ന പൊലീസുകാരും നാട്ടുകാരനായ ഒരാളും ചേര്‍ന്നാണ് എരുമേലി – വെച്ചൂച്ചിറ പാതയിലെ പ്ലാന്റേഷനിലാണ് മൃതദേഹം കണ്ടെത്തിയത്. 2 ദിവസം പഴക്കമുണ്ട്. മുണ്ടും ഷര്‍ട്ടുമാണ് വേഷം.