ലോക്സഭയിലേക്ക് ആലത്തൂരില്‍ നിന്നുള്ള യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനായി വോട്ട് അഭ്യര്‍ത്ഥിച്ച് സോഷ്യല്‍ മീഡിയയില്‍ അനില്‍ അക്കര എഴുതിയ വാചകങ്ങളെ വിമര്‍ശിച്ച് അദ്ധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത്. റിയാലിറ്റി ഷോയിലേതോ അല്ലാതെ അമ്പല കമ്മിറ്റി തിരഞ്ഞെടുപ്പോ അല്ല നടക്കുന്നത് എന്ന സാമാന്യബോധം വോട്ടഭ്യര്‍ത്ഥന നടത്തുന്നവര്‍ പുലര്‍ത്തണമെന്നും ദീപ നിശാന്ത് അനില്‍ അക്കര എം.എല്‍.എയെ വിമര്‍ശിച്ചുകൊണ്ട് എഴുതുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ആലത്തൂര്‍ നിയോജക മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിക്കു വേണ്ടിയുള്ള വോട്ടഭ്യര്‍ത്ഥനയാണ്. ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസിന്റെ പേജിലാണ് ആദ്യത്തെ ചിത്രം. ഫണ്ട് ശേഖരണത്തിനുള്ള പരസ്യവാചകം ശ്രദ്ധിക്കുക.’ രമ്യ തെരഞ്ഞെടുക്കപ്പെട്ടാല്‍ ലോകസഭയിലെത്തുന്ന ആദ്യത്തെ ദളിത് വനിതാ എം പി ആവും’ എന്നാണ് അവകാശവാദം. ദീര്‍ഘകാലം കേരളനിയമ സഭാംഗവും എട്ടാം കേരള നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കറുമായിരുന്നു ഭാര്‍ഗവി തങ്കപ്പന് 1971ലെ പൊതു തിരഞ്ഞെടുപ്പില്‍ അടൂര്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ എം പി യായി ലോകസഭയില്‍ എത്തിയ ചരിത്രം മറന്നിട്ടുണ്ടാകണം.
രണ്ടാമത്തെ ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത് ബഹു. എം എല്‍ എ ശ്രീ.അനില്‍ അക്കരയാണ്. തങ്ങളുടെ സ്ഥാനാര്‍ത്ഥി കടന്നു പോന്ന ജീവിതത്തിന്റെ വേനല്‍വിതാനങ്ങളും കനല്‍വഴികളും പറഞ്ഞ് വോട്ടഭ്യര്‍ത്ഥിക്കുന്നതില്‍ തെറ്റൊന്നുമില്ല. മാളികപ്പുറത്തമ്മയാകലാണ് ജീവിതലക്ഷ്യമെന്ന പ്രഖ്യാപനവും നന്നായിട്ടുണ്ട്.
ഒന്നോര്‍ക്കണം പൗരസംരക്ഷണത്തിനും നിയമനിര്‍മ്മാണത്തിനും സദാ ജാഗരൂകരകേണ്ട വ്യക്തികളെ തിരഞ്ഞെടുക്കുന്ന ജനാധിപത്യപ്രക്രിയയാണിത്. സ്ഥാനാര്‍ത്ഥി എത്ര മനോഹരമായി പാടുന്നു ,ഡാന്‍സ് കളിക്കുന്നു, ഏത് മതവിശ്വാസിയാണ് എന്നതൊന്നുമല്ല അവിടെ വിഷയമകേണ്ടത് .ഐഡിയ സ്റ്റാര്‍ സിങ്ങര്‍ തിരഞ്ഞെടുപ്പോ അമ്പലക്കമ്മിറ്റി തിരഞ്ഞെടുപ്പോ അല്ല നടക്കുന്നത് എന്ന സാമാന്യബോധം വോട്ടഭ്യര്‍ത്ഥന നടത്തുന്നവര്‍ പുലര്‍ത്തണമെന്ന അപേക്ഷയുണ്ട്.ഒരു ജനാധിപത്യമതേതര രാഷ്ട്രത്തില്‍ ഇത്തരം കാര്യങ്ങള്‍ പറഞ്ഞല്ല വോട്ട് ചോദിക്കേണ്ടത്.
‘ഒന്നു രണ്ടു ചിരട്ട കുടിപ്പോളം അച്ഛനുണ്ടോ വരുന്നെന്ന് നോക്കണം!
രണ്ടു നാലു ചിരട്ട കുടിച്ചെന്നാല്‍ ,അച്ഛനാരെടാ ഞാനെടാ, മോനെടാ ‘ എന്ന ചാരായ യുക്തിയാണ് മറുപടിയെങ്കില്‍ സുലാന്‍.
Posted by Deepa Nisanth on Monday, March 25, 2019