സോള്‍: കൊറിയയിലെ ഹോട്ടലുകളില്‍ താമസിച്ചിരുന്ന ഹോട്ടലുകളില്‍ താമസിച്ചവരുടെ സ്വകാര്യനിമിഷങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തി തത്സമയ സംപ്രേക്ഷണം നടത്തി. വെബ്സൈറ്റ് വഴിയായിരുന്നു സംപ്രേഷണം. ദക്ഷിണ കൊറിയയിലെ പത്ത് നഗരങ്ങളിലെ 30 ഹോട്ടലുകളില്‍ 42 ക്യാമറകള്‍ ഘടിപ്പിച്ചായിരുന്നു 1600ഓളം പേരുടെ സ്വകാര്യനിമിഷങ്ങള്‍ സംപ്രേക്ഷണം ചെയ്തത്.

ഇതിനായി ഡിജിറ്റല്‍ ടി.വി ബോക്സുകള്‍, ചുമരിലുള്ള സോക്കറ്റുകള്‍, ഹെയര്‍ ഡ്രൈയറുകള്‍ എന്നിവയുടെ ഉള്ളില്‍ രഹസ്യ കാമറ ഘടിപ്പിച്ചു. വെബ്സൈറ്റില്‍ പ്രത്യേക പാക്കേജുകള്‍ എന്ന രീതിയില്‍ പണമടയ്ക്കുന്നവര്‍ക്ക് തത്സമയം ദൃശ്യങ്ങള്‍ ലഭ്യമാക്കുകയായിരുന്നു ഉദ്ദേശം.
ദൃശ്യങ്ങള്‍ ലൈവായി കാണാനും നേരത്തെ ഉള്ളവ കാണാനുമായി പ്രതിമാസം 4000 രൂപ അടച്ച് സൈറ്റിന്റെ പാക്കേജ് 97 പേര് സ്വന്തമാക്കി. 4000 അംഗങ്ങളാണ് വിവിധ പാക്കേജുകളിലായി സൈറ്റില്‍ അംഗങ്ങളായുള്ളത്. 2018 നവംബര്‍ മുതല്‍ ഈ വര്‍ഷം മാര്‍ച്ച് വരെ അഞ്ച് ലക്ഷത്തോളം രൂപ ഇതുവഴി സമ്ബാദിച്ചതായും പൊലീസ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
നേരത്തെയും ഒളിക്യാമറ ദൃശ്യങ്ങള്‍ പകര്‍ത്തുന്ന സംഭവം ഉണ്ടായിട്ടുണ്ടെങ്കിലും തത്സമയം സംപ്രേഷണം ചെയ്യുന്നത് ആദ്യമായിട്ടാണെന്ന് പൊലീസ് പറയുന്നു. എന്റെ സ്വകാര്യത നിങ്ങളുടെ അശ്ലീലമല്ല എന്ന മുദ്രാവാക്യവുമായി ഇത്തരം സംഭവത്തിനെതിരെ നിരവധി സ്ത്രീകള്‍ കഴിഞ്ഞ വര്‍ഷം തെരുവിലിറങ്ങിയിരുന്നു. തുടര്‍ന്ന് പരിശോധനകളടക്കമുള്ള സംവിധാനങ്ങള്‍ ശക്തമാക്കിയതിന് പിന്നാലെയാണ് പുതിയ സംഭവം.


