തിരുവനന്തപുരം: കാസര്‍കോട് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് നല്കി സര്‍ക്കാര്‍ ഉത്തരവിറക്കി. പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലയിൽ നാളെ എത്താനാരിക്കേയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടുകൊണ്ടുള്ള ഉത്തരവ് സർക്കാരിൽ നിന്നുമുണ്ടായത്. ഐജി എസ്.ശ്രീജിത്തിനാണ് അന്വേഷണസംഘത്തിന്റെ മേൽനോട്ട ചുമതല. അന്വേഷണ സംഘത്തെ ഐജി നിശ്ചയിക്കും.
അന്തർസംസ്ഥാനതലത്തിലുള്ള അന്വേഷണം വേണ്ടതിനാലും തെരഞ്ഞെടുപ്പ് അടുത്തു വരുന്നതും കണക്കിലെടുത്താണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൊടുക്കുന്നത് എന്നാണ് സർക്കാരിന്റെ വിശദീകരണം. നേരത്തെ കാസർകോട് ജില്ലാ പൊലീസ് മേധാവിയായിരുന്നു ഡോ.എ.ശ്രീനിവാസിനെ ക്രൈംബ്രാഞ്ചിലേക്ക് സർക്കാർ മാറ്റിയിരുന്നു.


