കണ്ണൂര്‍: കണ്ണൂര്‍ ചെറുപുഴയില്‍ നടന്ന ഒരു വിവാഹത്തിന്റെ ഫോട്ടോയാണ് കഴിഞ്ഞ ദിവസം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായത്.
പെണ്ണിന് വയസ് 48.. ചെക്കന് വയസ്സ് 25…. പെണ്ണിന് ആസ്തി 15 കോടി… സ്രീധനം 101 പവന് 50 ലക്ഷം… ബാക്കി പുറകെവരും…. നമ്മുടെ സ്വന്തം ചെറുപുഴയില്‍ നടന്ന കല്യാണം ! എന്നായിരുന്നു ഫോട്ടോയുടെ ക്യാപ്ക്ഷനും. കണ്ണൂര്‍ ചെറുപുഴയിലെ ഈ വിവാഹം സോഷ്യല്‍ മീഡിയയില്‍ കൊഴുക്കുന്നത് പ്രായവ്യത്യാസത്തിന്റെ പേരിലും സ്ത്രീധന തുകയുടെ പേരിലുമാണ്.
സ്ത്രീധനവും സ്വത്തും പ്രായത്തെ ഇല്ലാതാക്കുന്നു എന്നു പറഞ്ഞു കൊണ്ടാണ് ഇവരെ കുറിച്ചുള്ള സോഷ്യല്‍ മീഡിയയില്‍ കുപ്രചരണം നടക്കുന്നത്. ഏതായാലും കുപ്രചാരണം നടത്തിയവരെ അനൂപും ജുബിയും വെറുതെ വിടുമെന്നു കരുതരുത്. നിയമപരമായി ഏതറ്റം വരെ പോകേണ്ടി വന്നാലും ദുഷ്പ്രചാരണം നടത്തിയവനെ കണ്ടുപിടിക്കും തങ്ങളെ അപമാനിച്ചവരോട് വിട്ടുവീഴ്ചയ്ക്കില്ലെന്ന് ഉറപ്പിച്ചു പറയുന്നു അനൂപും ജൂബിയും. അനൂപും ജൂബിയും പറയുന്നത് ഇങ്ങനെ: ‘ഞങ്ങള്‍ ഇണയെ തേടിയത് മനസ്സിനാണ്, ശരീരത്തിനല്ല’. പഞ്ചാബില്‍ എയര്‍പോര്‍ട്ട് ജീവനക്കാരനായ ചെറുപുഴ പാറത്താഴ ഹൗസ് അനൂപിന്റെയും ഷാര്‍ജയില്‍ സ്വകാര്യ കമ്പനി ജീവനക്കാരിയായ ചെമ്പന്തൊട്ടി തോട്ടുംകര സ്വദേശി ജൂബിയുടെയും വിവാഹം വളരെ പെട്ടെന്നായിരുന്നു.
അധികം പേരെയൊന്നും വിവാഹത്തിനു ക്ഷണിക്കാന്‍ പറ്റാത്തതിനാലാണു പിതാവിന്റെ കാറ്ററിങ് സ്ഥാപനത്തിന്റെ പേരില്‍ വിവാഹപരസ്യം നല്‍കിയത്. എന്നാല്‍, ആ പരസ്യത്തിലെ വിലാസവും കല്യാണ ഫോട്ടോയും ചേര്‍ത്താണു ചിലര്‍ ദുഷ്പ്രചാരണം നടത്തിയത്. നാലു വര്‍ഷം മുന്‍പാണ് ഒന്നാം റാങ്കോടെ ജൂബി ടൂറിസത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയത്. 27 വയസ്സുള്ള ജൂബിയെ കണ്ട് ഇഷ്ടപ്പെട്ട് 29 കാരനായ അനൂപിന്റെ കുടുംബം വിവാഹാലോചനയുമായി എത്തുകയായിരുന്നു. ദുഷ്പ്രചാരണത്തെക്കുറിച്ചു ജൂബി പറയുന്നു. ‘ചെറുപ്പം മുതലേ അല്പം തടിച്ച പ്രകൃതമാണ്. വിവാഹത്തിനു സാരി എടുത്തപ്പോള്‍ അല്പം കൂടി തടിച്ച പോലെ തോന്നി. ഇതായിരിക്കാം 48 വയസ്സ് എന്നൊക്കെ പറയാന്‍ ആളുകളെ പ്രേരിപ്പിച്ചത്. പക്ഷേ വിവാഹം കഴിഞ്ഞു പുതിയൊരു വീട്ടിലേക്കു പോകുന്ന പെണ്‍കുട്ടിക്ക് അതൊക്കെ എത്രമാത്രം വേദനയുണ്ടാക്കും എന്നു പോലും ഓര്‍ക്കാതെ പ്രചരിപ്പിച്ചവര്‍ മനോരോഗികളാണ്. എന്തായാലും ഇതൊന്നും കണ്ട് കരഞ്ഞു തളര്ന്നിരിക്കാന് ഞങ്ങളില്ല. ചടങ്ങുകളെല്ലാം പൂര്‍ത്തിയാക്കാന്‍ കാത്തിരിക്കുകയായിരുന്നു. അപവാദ പ്രചാരണം നടത്തിയവര്‍ക്കെതിരെ കേസ് കൊടുക്കാന്‍ തന്നെയാണു തീരുമാനം’.

