ഉത്തരകൊറിയന്‍ ബാലിസ്റ്റിക് മിസൈല്‍ കേന്ദ്രം സംബന്ധിച്ച് പുതിയ വെളിപ്പെടുത്തല്‍. വാഷിങ്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സി.എസ്.ഐ.എസ് എന്ന കേന്ദ്രമാണ് സിനോ-റി എന്ന മിസൈല്‍ കേന്ദ്രത്തിന്റെ വിവരങ്ങള്‍ പുറത്തുവിട്ടത്. ആണവനിരായുധീകരണവുമായി ബന്ധപ്പെട്ട് ഉത്തര കൊറിയ- അമേരിക്ക രണ്ടാംഘട്ട ചര്‍ച്ചകള്‍ ഉടനുണ്ടാകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് വെളിപ്പെടുത്തല്‍.
ഉത്തര കൊറിയയില്‍ 20 അപ്രഖ്യാപിത ബാലിസ്റ്റിക് മിസൈല്‍ കേന്ദ്രങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതില്‍ മിസൈല്‍ ഹെഡ്ക്വാര്‍ട്ടേഴ്സായി പ്രവര്‍ത്തിക്കുന്ന സിനോ-റി ബാലിസ്റ്റിക് മിസൈല്‍ കേന്ദ്രത്തെ കുറിച്ചാണ് പുതിയ വെളിപ്പെടുത്തല്‍. വാഷിങ്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് ആന്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റഡീസ് ആണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. സിനോ-റി മിസൈല്‍ കേന്ദ്രത്തില്‍ നോഡോങ് മിസൈലുകള്‍ വിന്യസിച്ചിട്ടുണ്ടെന്നും സി.എസ്.ഐ.എസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

