കര്‍ണാടക നിയമസഭ കക്ഷി യോഗത്തിലെത്താത്ത നാല് എം.എല്‍.എമാര്‍ക്കും കോണ്‍ഗ്രസ്സ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. യോഗത്തിനെത്താതിരുന്ന നാല് പേരുടെയും വിശദീകരണം കേള്‍ക്കും. ഹൈക്കമാന്റുമായി കൂടിയാലോചിച്ച ശേഷം അന്തിമ തീരുമാനം എടുക്കുമെന്ന് നിയമസഭ കക്ഷി നേതാവ് സിദ്ധരാമയ്യ അറിയിച്ചു. കർണാടകയിലെ കോൺഗ്രസ്-ജെ.ഡി.എസ് സഖ്യ സർക്കാറിനെ താഴെയിറക്കാനുള്ള ബി.ജെ.പിയുടെ ‘ഓപ്പറേഷൻ താമര’ അവസാനിക്കുന്നില്ല.
കോൺഗ്രസ്-ജെ.ഡി.എസ് പക്ഷത്തു നിന്ന് അടർത്തിയെടുത്ത രണ്ട് സ്വതന്ത്രര്‍ തിരികെ എത്തിയെങ്കിലും ഇന്ന് രാവിലെ മുതൽ നാല് കോൺഗ്രസ് എം.എൽ.എമാരെ കാണാതായിട്ടുണ്ട്. ഈ നാലുപേരും ഇന്ന് നിയമസഭ കക്ഷിയോഗത്തില്‍ പങ്കെടുത്തിട്ടില്ല. ഈ നാലുപേരോടും വിശദീകരണം ചോദിക്കുമെന്നാണ് നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യ പറഞ്ഞിരിക്കുന്നത്. ഉമേഷ് യാദവ്, രമേശ് ജാർകിഹോളി, മഹേഷ് കുമതല്ലി, ബി. നാഗേന്ദ്ര എന്നിവരെയാണ് ഇപ്പോൾ കാണാതായിട്ടുള്ളത്. മന്ത്രിസ്ഥാനം ലഭിക്കാത്തതിനെ ഉമേഷ് യാദവ്, രമേശ് ജാർകിഹോളി, ബി. നാഗേന്ദ്ര എന്നീ എം.എൽ.എമാർ കോൺഗ്രസ് നേതൃത്വവുമായി ശീതയുദ്ധത്തിലാണ്. ഇവരെ മുംബൈയിലെ ഹോട്ടലിലെത്തി ബി.ജെ.പി എം.പി സഞ്ജയ് രാമചന്ദ്ര പാട്ടീൽ കൂടിക്കാഴ്ച നടത്തിയെന്നും റിപ്പോർട്ടുണ്ട്.

