തിരുവനന്തപുരം: സംസ്ഥാനത്തെ 12 ജില്ലകളിലെ 30 തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ ഫെബ്രുവരി 14-ന് ഉപതെരഞ്ഞെടുപ്പ് നടക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. 15ന് വോട്ടെണ്ണല്‍ നടക്കും. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലെ 22 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. പുലര്‍ച്ചെ ഏഴ് മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് പോളിംഗ് സമയമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്കരന് അറിയിച്ചു.
ഇതിന് പുറമേ കൊല്ലം ജില്ലയില്‍ ഒന്നും, മലപ്പുറത്തെ രണ്ടും ബ്ലോക്ക് പഞ്ചായത്തുകളിലും ആലപ്പുഴ ജില്ലയിലെ രണ്ടും പാലക്കാട് ജില്ലയിലെ ഒന്നും കണ്ണൂര്‍ ജില്ലയിലെ ഒന്നും നഗരസഭ വാര്‍ഡുകളിലും എറണാകുളം കോര്‍പ്പറേഷനിലെ ഒരു വാര്‍ഡിലും ഉപതെരഞ്ഞെടുപ്പ് നടക്കും. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ മാത്യുക പെരുമാറ്റചട്ടം നിലവില്‍ വന്നു. തെരഞ്ഞെടുപ്പ് വിജ്ഞാപനം ജനുവരി 21-ന് പുറപ്പെടുവിക്കും. 28 വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. സൂക്ഷ്മപരിശോധന 29-ന് നടക്കും. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന ദിവസം 31 ആണ്.


