എരുമേലി: മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന് സ്കറിയയുടെ പിതാവും 91 വര്‍ഷം നീണ്ട ജീവിതത്തിലൂടെ ഇടകടത്തി ഗ്രാമത്തിന്റെ സ്നേഹം പിടിച്ചുപറ്റിയ വ്യക്തിയുമായ കെ.ടി. സ്കറിയയ്ക്ക് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന അന്ത്യയാത്ര. സ്കറിയയുടെ വിയോഗത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനും കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരാനും മുഖ്യമന്ത്രി വി.ഡി. സതീശന് നേരിട്ടെത്തി അനുശോചനം അറിയിച്ചു. എരുമേലിക്ക് സമീപമുള്ള ഇടകടത്തി കരിയിലക്കുളം വീട്ടിലെത്തി മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ അന്തിമോപചാരമര്‍പ്പിച്ചു.
കര്‍ണാടകത്തിലെ ഭദ്രാവതി രൂപത ബിഷപ് മാര്‍ ജോസഫ് അരുമച്ചാടത്ത് സംസ്കാര ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. സീറോ മലങ്കര കത്തോലിക്കാ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസിന്റെ അനുശോചന സന്ദേശവും കുടുംബത്തിന് ആശ്വാസമായി. മുഖ്യമന്ത്രി വി.ഡി. സതീശന് പുറമെ മുന്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്, നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, മന്ത്രിമാരായ സണ്ണി ജോസഫ്, സി.പി. ജോണ്‍, മോന്‍സ് ജോസഫ്, എം. ലിജു, പി.സി. വിഷ്ണുനാഥ്, എ.പി. അനില്‍കുമാര്‍, കായികമന്ത്രി ഒ.ജെ. ജനീഷ്, ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്, രാഹുല്‍ മാങ്കൂട്ടത്തില്‍, സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം, കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം പി.ജെ. കുര്യന്, തിരുവനന്തപുരം മേയര്‍ വി.വി. രാജേഷ് തുടങ്ങിയ പ്രമുഖ രാഷ്ട്രീയ നേതാക്കളും ചലച്ചിത്രതാരം ടോം ജേക്കബും അന്ത്യോപചാരമര്‍പ്പിക്കാനെത്തിയിരുന്നു.
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും യുകെ ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ നിന്നും നൂറുകണക്കിനാളുകള്‍ ഇടകടത്തിയിലേക്ക് എത്തിയിരുന്നു. മറുനാടന്‍ മലയാളിയുടെയും ബ്രിട്ടീഷ് മലയാളിയുടെയും ജീവനക്കാരും പ്രതിനിധികളും ചടങ്ങുകളില്‍ പങ്കെടുത്തു. ഉമിക്കുപ്പയിലെ ലൂര്‍ദ് മാതാ പള്ളി സെമിത്തേരിയില്‍ നടന്ന സംസ്കാര ചടങ്ങുകളോടെ ഭൗതികശരീരം സംസ്കരിച്ചു. അരനൂറ്റാണ്ടിലേറെക്കാലം ഇടകടത്തിയുടെ സാമൂഹികജീവിതത്തിന്റെ ഭാഗമായിരുന്ന കെ.ടി. സ്കറിയയുടെ ഓര്‍മകള്‍ നാടിന്റെ ഹൃദയത്തില്‍ മായാതെ നില്ക്കും. മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന് സ്കറിയയുടെ പിതാവിന്റെ വിയോഗത്തില്‍ രാഷ്ട്രദീപം ഗ്രൂപ്പ് അനുശോചിച്ചു.

