ന്യൂഡല്‍ഹി: ബോഫോഴ്സ് കേസ് കോണ്‍ഗ്രസ് സര്‍ക്കാരിനെ മുക്കിക്കളഞ്ഞെങ്കില് റാഫേല്‍ വിഷയം പ്രധാനമന്ത്രി നരേന്ദ്രമോദിയെ വീണ്ടും അധികാരത്തിലെത്തിക്കുമെന്ന് പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്. സര്‍ക്കാരിനെതിരെ ആരോപണങ്ങളൊന്നും ഉന്നയിക്കാന്‍ ഇല്ലാത്തതിനാലാണ് റാഫേലില്‍ ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയിരിക്കുന്നതെന്ന് നിര്‍മല സീതാരാമന് പറഞ്ഞു. ലോക്സഭയില്‍ റാഫേല്‍ വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അവര്‍. റാഫേല്‍ വിമാനങ്ങള്‍ വാങ്ങാനുള്ള തീരുമാനം രാജ്യതാത്പര്യം മുന്‍നിറുത്തിയാണ്. എന്നാല്‍ ബോഫോഴ്സ് ഇടപാട് അഴിമതി ആയിരുന്നുവെന്നും കേന്ദ്രമന്ത്രി ആരോപിച്ചു.
പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഉന്നയിച്ച് ചോദ്യങ്ങള്‍ക്കും അവര്‍ അക്കമിട്ട് മറുപടി പറഞ്ഞു. എച്ച്.എ.എല്ലുമായി യു.പി.എ സര്‍ക്കാരിന്റെ കാലത്തുപോലും കരാറുണ്ടാക്കാന്‍ റാഫേല്‍ വിമാന നിര്‍മ്മാതാക്കളായ ദസോ തീരുമാനിച്ചിരുന്നില്ല. എച്ച്.എ.എല്‍ പ്രതിസന്ധിയിലായിരുന്നതിനാല്‍ ആണ് അതിന് കഴിയാത്തത്. എച്ച്.എ.എല്ലിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ യു.പി.എ സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നും മോദി സര്‍ക്കാരാണ് അതിന് മുന്‍കൈയെടുത്തതെന്നും നിര്‍മ്മല സീതാരാമന് പറഞ്ഞു.


