വഖഫിൻ്റെ ചരിത്രത്തിൽ ഇന്ന് വരെ അമുസ്ലീങ്ങളെ ബോർഡിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സർക്കാർ നിലപാട് ബിജെപിയുടേത്. ഇത് വ്യക്തമായ സംഘപരിവാർ സേവയാണ്. മുഖ്യമന്ത്രി കാര്യങ്ങൾ അവതരിപ്പിക്കേണ്ടത് വസ്തുതകളടെ അടിസ്ഥാനത്തിലാകണം. സംസ്ഥാനത്തിൻ്റെ ആധികാരിക ശബ്ദമാണ് മുഖ്യമന്ത്രിയിൽ നിന്ന് പ്രതിക്ഷിക്കുന്നത്.
എന്നാൽ ബോധപൂർവ്വം തെറ്റിദ്ധരിപ്പിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. അതിനായി വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ പറയുന്നു. നിർഭാഗ്യവശാൽ ഒന്നിലധികം കാര്യങ്ങൾ വസ്തുതക്ക് നിരക്കാത്തത്. പ്രതിപക്ഷനേതാവ് വർഗീയത പരത്തുന്നു എന്ന ആരോപണം മുഖ്യമന്ത്രി വ്യക്തമാക്കണം. വഖഫുമായി ബന്ധപ്പെട്ട് ഞാനെടുത്ത നിലപാടുമായി ബന്ധപ്പെട്ടാണ് ആരോപണം. എന്താടിസ്ഥാനത്തിലാണ് ആരോപണമെന്ന് വ്യക്തമാക്കാനുള്ള ബാധ്യത മുഖ്യമന്ത്രിക്കുണ്ട്.
വഖഫ് ബോർഡിലെ സർക്കാർ നിലപാട് ബിജെപിയുടേതാണ്. അത് കൃത്യമായി വെളിവാക്കപ്പെട്ടു. അപ്പോഴാണ് മുഖ്യമന്ത്രി നിലവിട്ട് സംസാരിച്ചത്.എല്ലാ മതവിഭാഗങ്ങൾക്കും ഭരണഘടന ഉറപ്പു നൽകുന്ന വിശ്വാസ സ്വാതന്ത്ര്യമാണ് ഉയർത്തിപ്പിടിച്ചത്. തനിക്ക് അന്നും ഇന്നും അതേ നിലപാട്. അതിൽനിന്ന് അണുവിട വ്യത്യാസം വരുത്തിയിട്ടില്ലെന്നും പിണറായി വിജയൻ പറഞ്ഞു.
വഖഫിൻ്റെ ചരിത്രത്തിൽ ഇന്ന് വരെ അമുസ്ലീങ്ങളെ ബോർഡിൽ ഉൾപ്പെടുത്തിയിട്ടില്ല അതാണ് ബിജെപി സർക്കാർ ചെയ്തിരിക്കുന്നത്. അതിനോട് വിയോജിക്കൽ വർഗീയത പരത്തലാണോ ?. അതിനോട് യോജിച്ചു പോകൽ സംഘപരിവാർ അജണ്ടക്ക് മുന്നിലുള്ള നഗ്നമായ കീഴടങ്ങലാണ്. ബിജെപി വിമർശിക്കുന്നത് മനസിലാക്കാം ഒരു കോൺഗ്രസ് മുഖ്യമന്ത്രി ബിജെപി നിലപാട് സ്വീകരിക്കാൻ പാടുണ്ടോ ?
ഒരു മതവിഭാഗത്തിനെതിരെയും കടന്നുകയറ്റം പാടില്ലെന്ന് നിലപാടാണ് രാജ്യത്ത് ആകെ ഉയർന്നത്. അതിൻ്റെ അടിസ്ഥാനത്തിലാണ് നിയമസഭ ഏകകണ്ഠമായി നിയമത്തിനെതിരെ പ്രമേയം പാസാക്കിയത്. വഖഫ് ഭേദഗതി അതേപോലെ അംഗീകരിച്ചു നടപ്പാക്കുകയല്ല എൽഡിഎഫ് സർക്കാർ ചെയ്തത്. അതിനെതിരെ നിയമ പോരാട്ടം നടത്തുകയാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.
അമുസ്ലിങ്ങളെ ഉൾപ്പെടുത്തിയുള്ള പുനസംഘടനയല്ല എൽഡിഎഫ് നടത്തിയത്. രണ്ട് സീറ്റ് ഒഴിച്ചിട്ടു. രണ്ട് അമുസ്ലിങ്ങളെ ഉൾപ്പെടുത്തി ബോർഡ് പുനഃസംഘടിപ്പിച്ചാൽ ബിജെപിയുടെ നിലപാട് അംഗീകരിക്കലായി മാറും. പുതിയ നിയമവുമായി യോജിച്ചു പോകുന്ന നിലപാട് LDF സ്വീകരിച്ചില്ല. അമുസ്ലിങ്ങളെ ബോർഡിൽ ഉൾപ്പെടുത്തി മുന്നോട്ടുപോകാൻ എൽഡിഎഫിന് കഴിയുമായിരുന്നില്ല.
നിയമപരമായി ഭേദഗതിയെ ചോദ്യം ചെയ്യലാണ് എൽഡിഎഫ് നടത്തിയത്. വസ്തുതയെ കണ്ണടച്ച് ഇരുട്ടാക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. തെറ്റിധരിപ്പിക്കുന്ന വാചകങ്ങളാണ് മുഖ്യമന്ത്രി നടത്തിയത്. അതൊരു മുഖ്യമന്ത്രിക്ക് ചേർന്നതല്ല. അമുസ്ലീങ്ങൾ വഖഫ് ബോർഡിൽ വേണ്ട എന്ന് പറയുന്നവരൊക്കെ വർഗീയവാദികളാണാ?.


