തിരുവനന്തപുരം: സംഘ്പരിവാര്‍ ഹര്‍ത്താലിലുണ്ടായ അക്രമസംഭവങ്ങളുടെ വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാര്‍ തയ്യാറാക്കുന്നു. ഹര്‍ത്താലിലുണ്ടായ നഷ്ടങ്ങളുടെ കണക്കും സര്‍ക്കാര്‍ രേഖപ്പെടുത്തുന്നുണ്ട്.അക്രമികള്‍ക്കെതിരെ യാതൊരു വിട്ട് വീഴ്ചയും വേണ്ടെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ശബരിമല സ്ത്രീ പ്രവേശനത്തിനു ശേഷം സംസ്ഥാനത്തു നടന്ന അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് റിപ്പോര്‍ട്ട് തേടിയത്. അക്രമ സംഭവങ്ങളുടെ വിശദമായ റിപ്പോര്‍ട്ട് തന്നെ ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം. സംസ്ഥാനത്ത് നടന്ന അക്രമങ്ങളുടെ വിശദ വിവരശേഖരണം സര്‍ക്കാര്‍ ആരംഭിച്ചു. മുഖ്യമന്ത്രി നേരിട്ട് ഗവര്‍ണറെ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് കൈമാറാനും സാധ്യതയുണ്ട്. അക്രമം നടത്തിയവര്‍ക്കെതിരെ യാതൊരു വിട്ട് വീഴ്ചചയും വേണ്ടെന്നാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം.ഇന്നും നാളെയുമായി അക്രമികളുടെ വ്യാപകമായ അറസ്റ്റ് ഉണ്ടാകാനും സാധ്യതയുണ്ട്. യുവതീ പ്രവേശനം സാധ്യമായതോടെ അതിനെതിരെ നിന്ന സംഘ്പരിവാര്‍ കടുത്ത പ്രതിസന്ധിയില്‍ അകപ്പെട്ടുവെന്ന വിലയിരുത്തലും സര്‍ക്കാരിനുണ്ട്. എന്നാല്‍ ശബരിമല ദര്‍ശനത്തിന് സുരക്ഷയാവശ്യപ്പെട്ട് സ്ത്രീകള്‍ ഉടനടി വന്നാല്‍ പൊലീസ് ഇടപെടല്‍ കഴിഞ്ഞ ദിവസത്തെപ്പോലെ ഊര്ജ്ജിതമാകാനും സാധ്യത കുറവാണ്.

