കണ്ണൂർ: കണ്ണൂർ വാണിയപ്പാറ ഉണ്ണിയേശു പള്ളിയിലെ മുപ്പത്തിയെട്ടാം നമ്പർ കല്ലറയുമായി ബന്ധപ്പെട്ട ദുരൂഹതകൾ നീക്കാൻ റെവന്യൂ-പൊലീസ് സംഘത്തിന്റെ നേതൃത്വത്തിൽ കല്ലറ ഇന്ന് തുറന്നുപരിശോധിക്കും. കല്ലറയിൽ ഔദ്യോഗിക രേഖകളിൽ ഇല്ലാത്ത മൂന്നാമതൊരു മൃതദേഹം കൂടി ഉണ്ടെന്ന സംശയത്തെ തുടർന്നാണ് ഈ അസാധാരണ പരിശോധന. തലശ്ശേരി ആർഡിഒയുടെ സാന്നിധ്യത്തിൽ പേരാവൂർ ഡിവൈഎസ്പി, ഫോറൻസിക് വിദഗ്ധർ, പൊലീസ് സർജൻ എന്നിവർ ഉൾപ്പെടുന്ന സംഘം രാവിലെ പത്തു മണിയോടെ നടപടികൾ ആരംഭിക്കും.
കഴിഞ്ഞ ജൂൺ 13നാണ് നാടകീയമായ സംഭവങ്ങളുടെ തുടക്കം. പള്ളിയിലെ 38-ാം നമ്പർ കല്ലറയിൽ പുതിയൊരു മൃതദേഹം കൂടി സംസ്കരിക്കുന്നതിനായി സ്ലാബ് മാറ്റിയപ്പോഴാണ് സംശയാസ്പദമായ രീതിയിൽ മറ്റൊരു ശവപ്പെട്ടി കൂടി അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. പള്ളിയുടെ ഔദ്യോഗിക രേഖകൾ പ്രകാരം 2006ലും 2015ലുമായി രണ്ട് മൃതദേഹങ്ങൾ മാത്രമാണ് ഈ കല്ലറയിൽ അടക്കം ചെയ്തിട്ടുള്ളത്.
ക്രിസ്തീയ ആചാരപ്രകാരം ഒരേ കല്ലറയിൽ വർഷങ്ങൾക്ക് ശേഷം സംസ്കാരം ആവർത്തിക്കുമ്പോൾ, പഴയ മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾക്ക് മുകളിൽ മരപ്പൊടിയിട്ട് പട്ടുവിരിച്ച ശേഷമാണ് പുതിയ പെട്ടി വെക്കാറുള്ളത്. എന്നാൽ ഇവിടെ രണ്ട് ശവപ്പെട്ടികൾ സമാന്തരമായി ഇരിക്കുന്ന നിലയിലാണ് കണ്ടെത്തിയത്. ഇതോടെയാണ് പള്ളി രേഖകളിൽ ഇല്ലാത്ത മൂന്നാമതൊരു മൃതദേഹം കൂടി കല്ലറയിൽ അടക്കം ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന സംശയം ശക്തമായത്. ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് പള്ളി വികാരിയും വിശ്വാസികളും പൊലീസിനെ സമീപിക്കുകയായിരുന്നു.
വിശ്വാസികളുടെയും പള്ളി അധികൃതരുടെയും ആവശ്യം പരിഗണിച്ച് തലശ്ശേരി ആർഡിഒ കഴിഞ്ഞ ദിവസം കല്ലറ തുറക്കാൻ അനുമതി നൽകി. ഇതിന്റെ പശ്ചാത്തലത്തിൽ പള്ളിയുടെ സെമിത്തേരിക്ക് ചുറ്റും പൊലീസ് ടാർപോളിൻ കെട്ടി മറയ്ക്കുകയും ‘ക്രൈം സീൻ’ എന്ന് രേഖപ്പെടുത്തിയ ടാഗുകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. പ്രദേശം പൂർണമായും പോലീസിന്റെ കാവലിലാണ്.


