ന്യൂഡൽഹി: രാജ്യസഭയിലെ കാലാവധി പൂർത്തിയായതിനെ തുടർന്ന് കേന്ദ്രസഹമന്ത്രി ജോർജ് കുര്യൻ രാജിവെച്ചു. രാഷ്ട്രപതി രാജി അംഗീകരിച്ചു. വീണ്ടും രാജ്യസഭയിലേക്ക് അദ്ദേഹത്തെ പരിഗണിച്ചിരുന്നില്ല. മൂന്നാം മോദി സർക്കാരിൽ 2024 ജൂൺ 9-നാണ് ന്യൂനപക്ഷം, ഫിഷറീസ്, മൃഗസംരക്ഷണം എന്നീ വകുപ്പുകളുടെ സഹമന്ത്രിയായി ജോർജ് കുര്യൻ ചുമതലയേറ്റത്.
രാജിക്ക് ശേഷം സംഘടനാ ചുമതലയിലേക്ക് മടങ്ങാനാണ് സാധ്യത. കേരളത്തിൽ പ്രവർത്തിക്കാൻ താൽപ്പര്യമുണ്ടെന്ന് കേന്ദ്ര നേതൃത്വത്തെ അറിയിച്ചെങ്കിലും ദേശീയ തലത്തിലോ സംസ്ഥാനത്തോ എന്ന കാര്യത്തിൽ പാർട്ടി ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ, ദേശീയ നിർവാഹക സമിതി അംഗം, കോർകമ്മിറ്റി അംഗം, പാർട്ടി വക്താവ് എന്നീ നിലകളിൽ പ്രവർത്തിച്ച അദ്ദേഹം ഒ രാജഗോപാൽ കേന്ദ്രമന്ത്രിയായിരുന്നപ്പോൾ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളിയിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
ജോർജ് കുര്യന് പകരം കേരളത്തിൽ നിന്ന് മറ്റൊരാളെ മന്ത്രിയാക്കിയാൽ രാഷ്ട്രപതി നാമനിർദേശം ചെയ്ത് രാജ്യസഭയിലെത്തിയ സി സദാനന്ദന് അവസരം ലഭിച്ചേക്കുമെന്നാണ് സൂചന. അതേസമയം പഞ്ചാബിൽ നിന്നുള്ള സഹമന്ത്രി രവ്നീത് സിങ് ബിട്ടുവിനും രാജ്യസഭാ സീറ്റ് നൽകിയിട്ടില്ല. ജൂൺ മധ്യത്തോടെ കേന്ദ്രമന്ത്രിസഭയിൽ വലിയ പുനഃസംഘടനയ്ക്ക് സാധ്യതയുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ രാജ്യസഭാ തെരഞ്ഞെടുപ്പുകളും ഉടൻ നടക്കാനിരിക്കുകയാണ്.


