കാക്കനാട്: ഓരോ എഴുത്തും ഓരോ ജീവിതങ്ങളാണെന്നും ലോകത്തെയും ജീവിതത്തെയും ശരിയായി മനസ്സിലാക്കാന്‍ വായന ശീലമാക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാധാകൃഷ്ണന് പറഞ്ഞു. ജില്ലാ ഭരണകൂടം, ജില്ലാ ലൈബ്രറി കൗണ്‍സില്‍, പി. എന്‍. പണിക്കര്‍ ഫൗണ്ടേഷന്, പൊതുവിദ്യാഭ്യാസ വകുപ്പ്, എറണാകുളം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് എന്നിവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വായന പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം തൃക്കാക്കര കാര്‍ഡിനല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അറിവ് നേടുന്നതിനും ജീവിതമൂല്യങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിനും വായനയോളം മികച്ച മറ്റൊന്നില്ലെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഡിജിറ്റല്‍ യുഗത്തിലും വായനാശീലം വളരുകയാണ് ചെയ്യുന്നത്. പുതിയ കാലഘട്ടത്തില്‍ വായനയുടെ രീതികള്‍ മാറിയെങ്കിലും അതിന്റെ പ്രാധാന്യം ഒട്ടും കുറഞ്ഞിട്ടില്ല. പണ്ട് പുസ്തകങ്ങള്‍ക്കായി ലൈബ്രറികളെ മാത്രം ആശ്രയിച്ചിരുന്നെങ്കില്‍, ഇന്ന് ഇന്റര്‍നെറ്റ് ജാലകങ്ങളിലൂടെയും ഒരൊറ്റ ക്ലിക്കിലൂടെയും അറിവിന്റെ വലിയൊരു ലോകമാണ് കുട്ടികള്‍ക്ക് മുന്നില്‍ തുറക്കപ്പെടുന്നത്. പഴയകാലത്ത് നിന്ന് വ്യത്യസ്തമായി ഇന്നത്തെ കുട്ടികള്‍ കൊറിയന്‍, ജാപ്പനീസ് പരമ്പരകളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും പുതിയ ആസ്വാദനതലങ്ങള്‍ കണ്ടെത്തുന്നുണ്ട്. സാങ്കേതികവിദ്യ എത്രതന്നെ വളരുമ്പോഴും ഒരു പുസ്തകത്തോടൊപ്പം ചിലവഴിക്കുന്ന സമയം നല്കുന്ന അനുഭൂതിയും ചിന്താശേഷിയും മറ്റൊന്നിനും നല്‍കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ പി.എന്‍. പണിക്കരുടെ നേതൃത്വത്തില്‍ രൂപപ്പെട്ട വായനാ പ്രസ്ഥാനങ്ങള്‍ ജനങ്ങളെ ഏറെ ശാക്തീകരിച്ചിട്ടുണ്ടെന്നും വായന നല്കിയ പൊതുബോധവും ആത്മവിശ്വാസവുമാണ് കേരളീയ സമൂഹത്തെ പുരോഗതിയിലേക്ക് നയിച്ചതെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജില്ലാ കളക്ടര്‍ പറഞ്ഞു. ഡിജിറ്റല്‍ ഉപകരണങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്തി, നമ്മുടെ ഏറ്റവും നല്ല കൂട്ടുകാരായി പുസ്തകങ്ങളെ കൂടെക്കൂട്ടണം. വായന മനസ്സിന് ശാന്തതയും വ്യക്തതയും നല്‍കുമെന്നും വായനാശീലം എല്ലാവരും ജീവിതത്തിന്റെ ഭാഗമാക്കണമെന്നും ജില്ലാ കളക്ടര്‍ കുട്ടികളെ ഓര്‍മ്മിപ്പിച്ചു.
ചടങ്ങില്‍ വിനോദ് പൂവലക്കോടിന്റെ കാട്ടുപൂവ് എന്ന കവിത ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പി. എസ്. ശ്രേയ ആലപിച്ചു. കൈരളി വായനശാല സംഘടിപ്പിച്ച പുസ്തക പ്രദര്‍ശനവും കുട്ടികള്‍ സ്വന്തം വീടുകളില്‍ നിന്നും കൊണ്ടുവന്ന പുസ്തകങ്ങളുടെ പ്രദര്‍ശനവും ചടങ്ങിനോടനുബന്ധിച്ച് നടന്നു.
പരിപാടിയില്‍ തൃക്കാക്കര മുനിസിപ്പല്‍ കൗണ്‍സിലര്‍ പി. എ. റമീസ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി. കെ. വേലായുധന്, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ സുബിന് പോള്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഷാജി പ്രണത, പി. എന്‍. പണിക്കര്‍ ഫൗണ്ടേഷന് ജില്ലാ കോ ഓഡിനേറ്റര്‍ അനുപമ ഉണ്ണികൃഷ്ണന്, കാര്‍ഡിനല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ മാനേജര്‍ ഫാദര്‍ തോമസ് നങ്ങേലിമാലില്‍, ഹെഡ്മിസ്ട്രസ് എല്‍സി ജോസഫ്, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി. ജി. സജീവ് തുടങ്ങിയവര്‍ പങ്കെടുത്തു.


