മൂവാറ്റുപുഴ: മൂവാറ്റുപുഴ: തൊഴിലുറപ്പ് ജോലിയില്‍ കേന്ദ്രാ സര്‍ക്കാര്‍ നടപ്പിലാക്കിയ അശാസ്ത്രീയ നിയമങ്ങള്‍ കാരണം മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികള്‍ നേരിടുന്ന തൊഴില്‍ പ്രതിസന്ധിക്ക് അടിയന്തിരമായി പരിഹാരം കാണണമെന്ന് ജില്ലാ പഞ്ചായത്ത് മെമ്പര്‍ മാത്യൂസ് വര്‍ക്കി ആവശ്യപ്പെട്ടു. ഗ്രാമീണ മേഖലയിലെ നിര്‍ധനരായ സാധാരണക്കാരുടെ ഏക ഉപജീവനമാര്‍ഗ്ഗത്തെ തകര്‍ക്കുന്നതാണ് കേന്ദ്രത്തിന്റെ പുതിയ പരിഷ്കാരങ്ങളെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഡിജിറ്റല്‍ ഹാജര്‍ സംവിധാനത്തിലെ അപാകതകള്‍ കാരണം ഗ്രാമീണ മേഖലകളില്‍ തൊഴിലാളികള്‍ക്ക് കൂലി നഷ്ടപ്പെടുകയാണ്. പ്രായമായ തൊഴിലാളികളെയും കണ്ണിന് അസുഖമുള്ളവരെയും പൂര്‍ണ്ണമായി തഴയുന്നതാണ് പുതിയ കരിമിഴി (ബയോമെട്രിക്) സ്കാനിംഗ് രീതി. പ്രവൃത്തികളുടെ എണ്ണത്തില്‍ പരിധി നിശ്ചയിച്ചതുകാരണം തൊഴിലാളികള്‍ക്ക് തുടര്‍ച്ചയായി ജോലി ലഭിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘സാധാരണക്കാരായ തൊഴിലാളികള്‍ നിത്യചെലവിനും മരുന്നിനും വേണ്ടിയാണ് ഈ പദ്ധതിയെ ആശ്രയിക്കുന്നത്. ജൂലൈ 1 മുതല്‍ പദ്ധതിയുടെ പേരും രീതിയും മാറുമ്പോള്‍ ഭൂരിഭാഗം തൊഴിലാളികളും കൂടുതല്‍ ബുദ്ധിമുട്ടിലാകും. സാധാരണക്കാരായ തൊഴിലുറപ്പ് തൊഴിലാളികളുടെ ഈ ജീവന്മരണ പ്രശ്നത്തില്‍ ബന്ധപ്പെട്ട അധികൃതര്‍ അടിയന്തരമായി ഇടപെട്ട് പരിഹാരം കാണണം.


