ദില്ലി: കേരളത്തിലെ മുഖ്യമന്ത്രി ചർച്ചകൾക്കായി ദില്ലിയിലേക്ക് വിളിച്ചുവരുത്തിയ നേതാക്കളും ഹൈക്കമാൻഡുമായുള്ള കൂടിക്കാഴ്ച സോണിയ ഗാന്ധിയുടെ വസതിയിൽ പുരോഗമിക്കുന്നു. മുൻ കെ പി സി സി അധ്യക്ഷൻ മാരായ കെ സുധാകരൻ, കെ മുരളീധരൻ, എം എം ഹസൻ, മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ പി സി സി വർക്കിംഗ് പ്രസിഡന്റ് എ പി അനിൽകുമാർ, പി സി വിഷ്ണുനാഥ്, ഷാഫി പറമ്പിൽ തുടങ്ങിയ നേതാക്കളുമായാണ് കൂടിക്കാഴ്ച. രാഹുൽ ഗാന്ധിയാണ് ഇവരിൽ നിന്ന് അഭിപ്രായങ്ങൾ തേടുന്നത്. രാഹുൽ ഗാന്ധി പ്രധാനമായും ചോദിച്ചറിയുന്നത് സംസ്ഥാനത്ത് ശക്തി പ്രകടനമടക്കം ഉണ്ടായ സാഹചര്യത്തെക്കുറിച്ചാണെന്നാണ് കേരളത്തിലെ നേതാക്കൾ പറയുന്നത്. ആരാണ് പ്രതിഷേധങ്ങൾക്ക് പിന്നിലെന്ന് ചോദിച്ചെന്ന് നേതാക്കൾ വ്യക്തമാക്കി. ജനവികാരം കൂടി പരിഗണിക്കണമെന്ന് ചില നേതാക്കൾ രാഹുലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജനകീയ പ്രതിഷേധമെങ്കിൽ പാർട്ടി പറയുമ്പോൾ നിർത്തുമോയെന്ന ചോദ്യവും ചർച്ചകളിൽ ഉയർന്നിട്ടുണ്ട്. എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരാണ് കേരളത്തിലെ മുഖ്യമന്ത്രി കസേരക്കായി രംഗത്തുള്ളത്. കേരളത്തിലെ നേതാക്കളുമായുള്ള സോണിയ ഗന്ധിയുടെ വസതിയിലെ കൂടിക്കാഴ്ചക്ക് ശേഷം ഇന്ന് വൈകിട്ട് രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയുമായി ചർച്ച നടത്തും. ഇതിന് ശേഷം സോണിയ ഗാന്ധിയുമായി ചർച്ച നടത്തിയ ശേഷമാകും പ്രഖ്യാപനം.

