സന്നിധാനം: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് ശബരിമല നട അടച്ചു. മേല്‍ശാന്തിയാണ് നട അടച്ചത്. പതിനെട്ടാംപടിയില്‍ നിന്ന് ഭക്തരെ പൊലീസ് കയറ്റി വിടുന്നില്ല. ഒരു മണിക്കൂറിനുള്ളില്‍ ശുദ്ധിക്രിയ പൂര്‍ത്തിയാവും. 12 മണിക്കുള്ളില്‍ നട തുറന്നേക്കുമെന്നാണ് സൂചന. യുവതികള്‍ ദര്‍ശനം നടത്തിയതിന് പിന്നാലെ തന്ത്രി ദേവസ്വം ബോര്‍ഡുമായി കൂടിയാലോചനകള്‍ നടത്തിയിരുന്നു. പുലര്‍ച്ചെ തുറക്കുന്ന നട സാധാരണ ഗതിയില്‍ ഉച്ചയ്ക്ക് ഒരു മണിക്കാണ് നട അടക്കാറ്.
ആചാരം ലംഘനം നടന്നുവെന്ന് തന്ത്രി വിശദമാക്കിയിരുന്നു. നേരത്തെ ശബരിമലയില്‍ പ്രവേശിക്കാനെത്തി പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങിയ ബിന്ദുവും കനകദുര്‍ഗയുമാണ് ശബരിമല ദര്‍ശനം നടത്തിയത്. ഇന്ന് പുലര്‍ച്ചെ 3.45 നോടുകൂടിയാണ് ഇരുവരും ശബരിമല ദര്‍ശനം നടത്തിയത്. ഇവര്‍ മഫ്ടി പോലീസിന്റെ സുരക്ഷയിലായിരുന്നു ദര്‍ശനം നടത്തിയത്. 42ഉം 44ഉം വയസാണ് ബിന്ദുവിനും കനകദുര്‍ഗയ്ക്കും.

