തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയു പ്രവർത്തന സജ്ജമായില്ല. മുണ്ട് കെട്ടി മറച്ചു കൊണ്ടാണ് താൽക്കാലിക ഐസിയു പ്രവർത്തിക്കുന്നത് . ഗുരുതര പ്രതിസന്ധിയെന്ന് ചൂണ്ടിക്കാട്ടി വകുപ്പ് മേധാവി മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന് കത്തയച്ചു. മാർച്ച് 17 ന് ഉണ്ടായ തീപിടിത്തത്തെത്തുടർന്നാണ് ഐസിയു തകരാറിലായത്.
രണ്ടാം നിലയിലെ തീവ്രപരിചരണ വിഭാഗത്തിന്റെ ഐസിയുവിലെ പോർട്ടബിൾ വെന്റിലേറ്റർ മെഷീനിലാണ് തീപിടിച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് സംശയിക്കുന്നത്. ഈ സമയത്ത് 50ഓളം രോഗികളായിരുന്നു ഐസിയുവിൽ ഉണ്ടായിരുന്നത്. തീ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് രോഗികളെ മാറ്റിയിരുന്നു. തീപിടിത്തത്തിന് പിന്നാലെ അഞ്ചു രോഗികൾ മരിച്ചെന്ന ആരോപണവും ഉയർന്നിരുന്നു.എന്നാല്‍ ആശുപത്രി അധികൃതര്‍ ഇത് നിഷേധിക്കുകയും ചെയ്തിരുന്നു.
ഒരു മാസം കഴിഞ്ഞിട്ടും ഐസിയു പ്രവര്‍ത്തനസജ്ജമാകാത്തത് രോഗികളെ കൂടുതല്‍ ദുരിതത്തിലാക്കുന്നു. മൾട്ടി സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലെ തീപിടിത്തത്തെത്തുടർന്ന് മാറ്റിയ രോഗികൾ ഇപ്പോഴും തുണികെട്ടി മറച്ച താൽക്കാലിക ഐസിയുകളിലാണ് കഴിയുന്നത്.
രോഗികളുടെ സുരക്ഷയിൽ ആശങ്കയുണ്ടെന്നും ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് അണുബാധയുണ്ടാക്കാനുള്ള സാധ്യതയും ഉണ്ടെന്നും വകുപ്പ് മേധാവി അധികൃതരെ അറിയിച്ചിട്ടുണ്ട്. എന്നാൽ ഐസിയു ഉടൻ പ്രവർത്തന സജ്ജമാക്കുമെന്നാണ് അധികൃതരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്ന വിശദീകരണം.


