ശിവഗംഗ: തമിഴ് സൂപ്പർതാരവും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ് ശിവഗംഗയിൽ നടത്തിയ റോഡ് ഷോയ്ക്കിടെ അപകടം. വിജയ്യുടെ വാഹനത്തെ പിന്തുടർന്ന് ബൈക്കിൽ സഞ്ചരിച്ച യുവാക്കളാണ് അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പ്രചാരണ വാഹനത്തിന് തൊട്ടുപിന്നാലെ ബൈക്കുകളിൽ സഞ്ചരിക്കുകയായിരുന്നു യുവാക്കൾ. ഇതിനിടെ മൊബൈൽ ഫോണിൽ സെൽഫി എടുക്കാൻ ശ്രമിച്ചതോടെ നിയന്ത്രണം വിട്ട ബൈക്ക് മറിയുകയായിരുന്നു. അപകടത്തിന്റെ ദൃശ്യങ്ങൾ വാർത്താ ഏജൻസിയായ എഎൻഐ പുറത്തുവിട്ടു.
അപകടത്തിൽപ്പെട്ടവർക്ക് എത്രത്തോളം പരിക്കേറ്റു എന്ന കാര്യത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. വിജയ്യുടെ രാഷ്ട്രീയ പരിപാടികൾക്കിടെയുണ്ടാകുന്ന അപകടങ്ങൾ വലിയ ചർച്ചയാണ്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ കരൂരിൽ നടന്ന വിജയിയുടെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർ കൊല്ലപ്പെട്ടിരുന്നു. മദ്രാസ് ഹൈക്കോടതി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിൽ നിന്നും സുപ്രിംകോടതി ഈ കേസ് സിബിഐക്ക് കൈമാറിയിരിക്കുകയാണ്. നിലവിൽ സിബിഐ ഈ കേസിൽ അന്വേഷണം നടത്തിവരികയാണ്.
2024 ഫെബ്രുവരിയിലാണ് വിജയ് തമിഴക വെട്രി കഴകം രാഷ്ട്രീയപാർട്ടി പ്രഖ്യാപിച്ചത്. വ്യാഴാഴ്ച നടന്ന പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പിൽ ടിവികെ ആദ്യമായി മത്സരിച്ചു. ആകെയുള്ള 30 സീറ്റുകളിൽ 28 ഇടത്ത് ടിവികെ മത്സരിച്ചപ്പോൾ 2 സീറ്റുകൾ സഖ്യകക്ഷിയായ ‘നേയം മക്കൾ കഴകമാണ് മത്സരിച്ചത്. തമിഴ്നാട്ടിലെ 234 മണ്ഡലങ്ങളിലും വിജയ് യുടെ രാഷ്ട്രീയ പാർട്ടിയായ ടിവികെ മത്സരിക്കുന്നുണ്ട്. രണ്ട് മണ്ഡലങ്ങളിലാണ് വിജയ് മത്സരിക്കുന്നത്. തുടർച്ചയായുണ്ടാകുന്ന സുരക്ഷാ വീഴ്ചകളും അപകടങ്ങളും വിജയിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വെല്ലുവിളിയാകുന്നുണ്ട്. ആരാധകരുടെയും പ്രവർത്തകരുടെയും നിയന്ത്രണാതീതമായ ആവേശമാണ് ഇത്തരം അപകടങ്ങളിലേക്ക് നയിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.


