കെ സുധാകരന് സീറ്റ് നല്‍കരുതെന്ന് ആവശ്യപ്പെട്ട് പ്രചരിച്ച കത്ത് വ്യാജമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. തന്റെ പേരിലും കത്ത് പ്രചരിക്കുന്നുണ്ടെന്നും പിന്നില്‍ സിപിഐഎം എന്നും വി ഡി സതീശന് പറഞ്ഞു. കള്ളക്കത്ത് പ്രചരിപ്പിക്കുകയാണ്. സിപിഐഎം തരംതാഴ്ന്ന കളി കളിക്കുകയാണ്. എന്റെ പേരിലും കത്ത് പ്രചരിക്കുന്നുണ്ട് – വിഡി സതീശന് പറഞ്ഞു.
താന്‍ രാഷ്ട്രീയ വനവാസത്തിന് പോകരുതെന്നാണ് ആഗ്രഹമെന്ന കെ സുധാകരന്റെ പ്രസ്താവന സ്നേഹ വാക്കുകളെന്നും അദ്ദേഹം പറഞ്ഞു. ഞാന്‍ വാക്ക് പാലിക്കുന്നയാളാണെന്ന് എന്റെ കൂടെ പ്രവര്‍ത്തിച്ച അദ്ദേഹത്തിനല്ലേ അറിയുകയുള്ളു. അങ്ങനെ സംഭവിക്കാതിരിക്കട്ടെ എന്ന് പറഞ്ഞാല്‍ ഏറ്റവും നല്ല ഭൂരിപക്ഷത്തില്‍ യുഡിഎഫ് ജയിക്കട്ടേയെന്നാണ്. അദ്ദേഹം എനിക്കെതിരെ ഒരക്ഷരം പറയില്ല. ഞാന്‍ ഇത്തരത്തില്‍ പറഞ്ഞതിന് എന്നോട് ചൂടാവുക പോലും ചെയ്തു. യുഡിഎഫ് ജയിച്ചില്ലെങ്കില്‍ വനവാസത്തിന് പോകുമെന്ന് പറഞ്ഞത് തന്നെയാണ് മാറ്റിപ്പറയില്ല. മുഖ്യമന്ത്രിയല്ലേ എപ്പോഴും മാറ്റി പറയുന്നത്.


