ന്യൂഡല്‍ഹി: അഹമ്മദാബാദില്‍ എയർ ഇന്ത്യയുടെ എഐ 171വിമാനം അപകടത്തിൽപ്പെട്ടത് വിമാനത്തിലെ ഇന്ധന സ്വിച്ചുകൾ പൈലറ്റ് മനഃപൂർവമായി ഓഫാക്കിയതുകൊണ്ടാണെന്ന് ഇറ്റാലിയന്‍ പത്രം.
അപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന ഇന്ത്യയിലെ ഉദ്യോഗസ്ഥർ തയ്യാറാക്കുന്ന അന്തിമ റിപ്പോർട്ട് ഇത്തരത്തിലാണെന്നാണ് ഇറ്റാലിയൻ പത്രമായ കൊറിയർ ഡെല്ല സെറ വ്യക്തമാക്കുന്നത്.
വിമാനത്തിന് സാങ്കേതിക തകരാറുകൾ ഒന്നും ഉണ്ടായിരുന്നില്ല. കോക്പിറ്റിലെ വോയ്സ് റെക്കോർഡറുകൾ പരിശോധിച്ചതിൽ നിന്നും, രണ്ട് എൻജിനുകളും നിശ്ചലമാക്കുന്ന രീതിയിൽ ഇന്ധന സ്വിച്ചുകൾ ഓഫ് ചെയ്തത് പൈലറ്റാണെന്ന് വ്യക്തമായതായി റിപ്പോർട്ടിൽ പറയുന്നു. വിമാനത്തിന്റെ കമാൻഡർ ആയിരുന്ന സുമീത് സബർവാളിനു നേരെയാണ് അന്വേഷണ സംഘം വിരൽ ചൂണ്ടുന്നത്. അപകടത്തിൽ അദ്ദേഹം കൊല്ലപ്പെട്ടിരുന്നു.
അതേസമയം, പൈലറ്റ് അസോസിയേഷനുകളും സബർവാളിന്റെ കുടുംബവും ഈ ആരോപണങ്ങൾ തള്ളി. വിമാന നിർമാതാക്കളെയും എയർലൈനിനെയും രക്ഷിക്കാനുള്ള ശ്രമമാണിതെന്ന് അവർ ആരോപിക്കുന്നു.
ബോയിങ് 787 ഡ്രീംലൈനർ വിമാനമായ എഐ 171, 2025 ജൂൺ 12-ന് അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ഉടൻ തകർന്നു വീഴുകയും 260 പേർ മരിക്കുകയും ചെയ്തു – വിമാനത്തിലുണ്ടായിരുന്ന 242 പേരിൽ 241 പേരും, വിമാനം ഒരു മെഡിക്കൽ വിദ്യാർഥി ഹോസ്റ്റലിലേക്ക് പതിച്ചതിനെ തുടർന്ന് അവിടെയുണ്ടായിരുന്ന 19 പേരുമാണ് മരിച്ചത്.


