മോഹൻലാൽ എന്ന അതുല്യ പ്രതിഭയെ മലയാളിക്ക് സമ്മാനിച്ച അമ്മ ശാന്തകുമാരി വിട വാങ്ങി. കൊച്ചിയിലെ എളമക്കരയിൽ വച്ചായിരുന്നു മോഹൻലാലിന്റെ അമ്മയുടെ വിയോഗം. 90 വയസായിരുന്നു. ലാലു എന്നാണ് മോഹൻലാലിനെ അമ്മ വിളിക്കാറുള്ളത്. അമ്മയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്. 14 വർഷമായി രോഗാവസ്ഥയിലായിരുന്നു മാതാവ്. മൂന്നുമാസം മുമ്പ് രോഗം മൂർച്ഛിച്ചു.
മോഹൻലാലും അമ്മയും തമ്മിലുള്ള ബന്ധത്തിന്റെ അഗാധം മലയാളികൾക്കെല്ലാം അറിയാവുന്നതാണ്. മകനെക്കുറിച്ച് പറയാൻ അമ്മയ്ക്കും അമ്മയെക്കുറിച്ച് പറയാൻ മകനും നൂറുനാവാണ്. വാർധക്യത്തിന്റെ അവശതകളിലായിരുന്നപ്പോൾ പോലും മകന്റെ നേട്ടങ്ങളിൽ ആ അമ്മയോളം സന്തോഷിച്ച മറ്റാരെങ്കിലുമുണ്ടായിട്ടുണ്ടാകുമോ എന്ന കാര്യം സംശയമാണ്. അമ്മയെക്കുറിച്ച് വാതോരാതെ മോഹൻലാൽ എപ്പോഴും പറയുന്നതിനാൽ മലയാളികൾക്ക് ശാന്താകുമാരി സുപരിചിതയാണ്. അടുത്തിടെ ദാദാ സാഹേബ് ഫാൽക്കേ പുരസ്കാരത്തിനർഹനായപ്പോഴും മോഹൻലാൽ ആദ്യം ഓടിയെത്തിയത് അമ്മയ്ക്കരികിലേക്കാണ്. അമ്മയ്ക്കൊപ്പം പങ്കുവെക്കാൻ സാധിച്ചതാണ് ഏറ്റവും വലിയ ഭാഗ്യമെന്നാണ് അന്ന് മോഹൻലാൽ പ്രതികരിച്ചത്.ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരത്തിന് നേടി കൊച്ചിയിലെത്തിയ മോഹൻലാൽ ആദ്യം സന്ദർശിച്ചത് കൊച്ചി എളമക്കരയിലെ വീട്ടിൽ വിശ്രമത്തിൽ കഴിയുന്ന അമ്മയെയായിരുന്നു. അമ്മയുടെ കഴിഞ്ഞ പിറന്നാള്‍ കുടുംബാംഗങ്ങളെയും അടുത്ത സുഹൃത്തുക്കളെയും പങ്കെടുപ്പിച്ച് മോഹന്‍ലാല്‍ ആഘോഷമാക്കിയിരുന്നു. ഇതിന്റെ ചിത്രങ്ങളും ശ്രദ്ധേയമായിരുന്നു.


