തിരുവനന്തപുരം: ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് സുരക്ഷാക്രമീകരണങ്ങളും ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ വസന്തോത്സവം ന്യൂ ഇയര്‍ ലൈറ്റിംഗ് എന്നിവയിലേക്കായി കനകക്കുന്ന് കോമ്പൗണ്ടിലേക്കുള്ള പ്രവേശനം ഡിസംബർ 29ന് വൈകുന്നേരം 6 മണി മുതല്‍ 8 മണി വരെ ഉണ്ടായിരിക്കുന്നതല്ല.
നഗരത്തിലെ ക്രിസ്മസ്-പുതുവർഷാഘോഷത്തിന് മാറ്റുകൂട്ടുന്നതിന്റെ ഭാഗമായി കനകക്കുന്നിൽ നടക്കുന്ന വസന്തോൽസവം കാണാനായി നിരവധിയാളുകളാണ് എത്തുന്നത്. ദീപാലങ്കാരമാണ് കൂട്ടത്തിലെ ഹൈലൈറ്റ്. വൈവിധ്യമാർന്ന ഇലുമിനേഷനുകളും ഇൻസ്റ്റലേഷനുകളും കൊണ്ട് കനകക്കുന്ന് കൊട്ടാരവളപ്പിനെ അലങ്കരിക്കുന്ന തരത്തിലാണ് ഇത് ഒരുക്കിയിട്ടുള്ളത്. ‘ഇലുമിനേറ്റിംഗ് ജോയ് സ്പ്രെഡ്ഡിംഗ് ഹാർമണി’ എന്ന ആശയത്തിലാണ് സംസ്ഥാന ടൂറിസം വകുപ്പ് ദീപവിതാനം സംഘടിപ്പിച്ചിട്ടുള്ളത്.
ഭീമാകാരമായ മഞ്ഞുവണ്ടിയോടു കൂടിയ കമാനമാണ് പ്രവേശന കവാടത്തിൽ അതിഥികളെ സ്വാഗതം ചെയ്യുന്നത്. ആറ് റെയിൻഡിയറുകൾ ഉൾപ്പെടുന്ന കമാനം ഓരോന്നും 12 മുതൽ 15 അടി വരെ ഉയരമുള്ളതാണ്. ഇവ ഒരുമിച്ച് തറനിരപ്പിൽ നിന്ന് 50 മുതൽ 60 അടി വരെ ഉയരമുണ്ട്. തുടർന്ന് പ്രകാശം നിറഞ്ഞ നടപ്പാതയിലൂടെ സഞ്ചരിച്ച് വിളക്കുകളുടെ ഒരു തുരങ്കപാതയിലേക്ക് എത്തും. പ്രകാശിതമായ ഒരു വനത്തെ ഉൾക്കൊള്ളുന്ന ഹൈടെക് ലൈറ്റിംഗ് സോൺ ആണ് കാണേണ്ട മറ്റൊരു കാഴ്ച.


