എറണാകുളം: ശബരിമല സ്വര്‍ണക്കൊള്ള ചര്‍ച്ചയാകാതിരിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്. ചര്‍ച്ച വഴിതിരിച്ചുവിടാനാണ് സോണിയ ഗാന്ധിയെ വലിച്ചിഴക്കുന്നത്. മുഖ്യമന്ത്രിക്കൊപ്പം പോറ്റി നില്ക്കുന്ന ചിത്രം തങ്ങളുന്നയിച്ചില്ലെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. എറണാകുളത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മുഖ്യമന്ത്രിക്കൊപ്പം പോറ്റി നില്ക്കുന്ന ചിത്രം ഉണ്ടായിരുന്നല്ലോ. അത് ഞങ്ങളുന്നയിച്ചില്ല.ചാരപ്പണിക്ക് പിടിയിലായ വ്ലോഗർ മന്ത്രി റിയാസിനോടൊപ്പം ഫോട്ടോയെടുത്തിരുന്നു. ഇതും ഞങ്ങളുന്നയിച്ചില്ല. എന്നിട്ടും സോണിയാ ഗാന്ധിക്കൊപ്പമുള്ള പോറ്റിയുടെ ചിത്രം ഉയർത്തി മുഖ്യമന്ത്രി വിമർശനമുന്നയിക്കുകയാണ്. ഇത് തരംതാണ പ്രവർത്തിയാണ്. കൊലക്കേസ് പ്രതികള്‍ക്ക് പഞ്ചനക്ഷത്ര സൗകര്യം ചെയ്തുകൊടുക്കുകയാണ് ഇവര്‍. സ്വര്‍ണക്കൊള്ള കേസിലെ പ്രതികളെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചുകൊണ്ടിരിക്കുന്നത്’. അദ്ദേഹം സ്വര്‍ണക്കൊള്ള നടത്തിയെന്ന് തങ്ങള്‍ ആരോപിച്ചില്ലെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.


