വിവാദങ്ങൾക്കിടെ എറണാകുളത്തെ ക്ഷേത്രപരിപാടിയിൽ നിന്ന് പിന്മാറി നടൻ ദിലീപ്. എറണാകുളത്തപ്പൻ ക്ഷേത്ര ഉത്സവത്തോട് അനുബന്ധിച്ചുള്ള കൂപ്പൺ ഉദ്ഘാടന ചടങ്ങിൽ നിന്നാണ് ദിലീപ് പിന്മാറിയത്. ദിലീപിനെ പങ്കെടുപ്പിക്കുന്നതിൽ സമൂഹമാധ്യമങ്ങളിൽ എതിർപ്പുണ്ടായെന്ന് ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. നാളെ നിശ്ചയിച്ചിരുന്ന പരിപാടി ബുധനാഴ്ച നടക്കും. പ്രശ്നം രമ്യമായി പരിഹരിക്കാൻ നിർദേശം നൽകി കൊച്ചിൻ ദേവസ്വം ബോർഡ്.
ജനുവരി 23-നാണ് എറണാകുളം ശിവക്ഷേത്രത്തിലെ ഉത്സവം ആരംഭിക്കുന്നത്. ഇതിനോടനുബന്ധിച്ചുള്ള കൂപ്പൺ ഉദ്ഘാടന ചടങ്ങൾ ചൊവ്വാഴ്ച വൈകുന്നേരം 6.30 നടത്താനാണ് തീരുമാനിച്ചിരുന്നത്. ആദ്യ കൂപ്പൺ ഏറ്റുവാങ്ങാനായി നടൻ ദിലീപിനെയായിരുന്നു തീരുമാനിച്ചിരുന്നത്. ഇതു സംബന്ധിച്ച നോട്ടീസും പോസ്റ്ററുകളും അച്ചടിച്ചിരുന്നു. എന്നാൽ, ദിലീപിനെ ഉദ്ഘാടനത്തിനെത്തിക്കുന്നതുമായി ബന്ധപ്പെട്ട് വൻ പ്രതിഷേധം സമിതിക്കുള്ളിൽ തന്നെ ഉയർന്നു. കൊച്ചിൻ ദേവസ്വം ബോർഡിലും അതൃപ്തിയുണ്ടായി. തുടർന്ന് കൂപ്പൺ ഉദ്ഘാടന ചടങ്ങിൽനിന്ന് ദിലീപിനെ മാറ്റുകയായിരുന്നു.
നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായിരുന്ന ദിലീപിനെ ഗൂഢാലോചന കുറ്റവും ബലാത്സംഗത്തിനായി ക്വട്ടേഷന്‍ നല്‍കിയെന്നും തെളിയിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് വിചാരണകോടതി കുറ്റവിമുക്തനാക്കിയത്. കേസില്‍ ആറ് പ്രതികള്‍ക്ക് കോടതി ശിക്ഷ വിധിച്ചിരുന്നു. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് 20 വര്‍ഷം കഠിന തടവും വിവിധ കേസുകളിലായി മൂന്ന് ലക്ഷം രൂപ പിഴ ശിക്ഷയുമാണ് വിധിച്ചത്. കേസിലെ രണ്ട് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ക്കെല്ലാം ഒന്നാം പ്രതിക്ക് നല്‍കിയിരിക്കുന്ന 20 കൊല്ലം കഠിന തടവാണ് വിചാരണക്കോടതി വിധിച്ചിരിക്കുന്നത്. വിധിയില്‍ അപ്പീല്‍ പോകാനുള്ള നീക്കത്തിലാണ് സര്‍ക്കാരും അതിജീവിതയും.


