നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ കുറ്റവിമുക്തനാക്കിയ വിചാരണ കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ പോകുമെന്ന് മന്ത്രി പി രാജീവ്. മുഖ്യമന്ത്രിയുമായി സംസാരിച്ചു. നടിക്ക് പൂർണമായി നീതി കിട്ടിയിട്ടില്ലെന്നും പി രാജീവ് പറഞ്ഞു. അതിജീവിതയ്ക്കൊപ്പം ഉറച്ചു നിൽക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയും സർക്കാരും സ്വീകരിച്ചിട്ടുള്ളതെന്ന് മന്ത്രി വ്യക്തമാക്കി.
‘വിധിന്യായം വിശദമായി പരിശോധിക്കും. പോരായ്മ സംഭവിക്കേണ്ട അന്വേഷണമല്ല നടന്നത്. അഞ്ച് വാള്യങ്ങളായിട്ടുള്ള വാദം തന്നെ പ്രോസിക്യൂഷന് സമര്‍പ്പിച്ചിരുന്നു’. അതിന് അനുസൃതമായിട്ടുള്ള വിധിയല്ല വന്നതെന്നും കേസില്‍ സംസ്ഥാന സര്‍ക്കാര്‍ അപ്പീലിന് പോകുമെന്നും മന്ത്രി പി.രാജീവ് കൂട്ടിച്ചേര്‍ത്തു.
കേസിൽ ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാരാണെന്ന് കോടതി ഇന്ന് കണ്ടെത്തിയിരുന്നു. എട്ടാം പ്രതിയായ ദിലീപടക്കം നാല് പ്രതികളെ കുറ്റവിമുക്തരാക്കുകയും ചെയ്തു. ഗൂഢാലോചന നടത്തിയെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് സാധിക്കാത്തതിനാലാണ് ദിലീപ് കുറ്റവിമുക്തനാണെന്ന് കോടതി വിധിച്ചത്.


